സമൂഹത്തോട് ഓരോ വ്യക്തിക്കും ധാര്‍മ്മികമായി ചില ഉത്തരവാദിത്തങ്ങളുണ്ട് . പ്രത്യേകിച്ച് ചില പദവികളില്‍ ഇരിക്കുന്നവരാകുമ്പോള്‍ ഈ സാമൂഹിക പ്രതിബദ്ധത, നിര്‍ബന്ധമായും പ്രകടിപ്പിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്നവരാണ് പൊലീസുകാർ.

നിയമവ്യവസ്ഥ പരിരക്ഷിക്കുന്നതിനും, ജനത്തെ നിയന്ത്രിക്കുന്നതിനും മാത്രമല്ല ഏവര്‍ക്കും മാതൃകയാകുന്നതിനും ഉതകുന്ന കാര്യങ്ങള്‍ വേണം പൊലീസുകാര്‍ ചെയ്യാന്‍. ഈ ധാര്‍മ്മികമായ ബാധ്യതയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ക്കാവില്ല.
എന്തായാലും അത്തരത്തിലൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് ഘോഷ്. ജോലിക്കിടെ ഒഴിവുസമയത്ത് തെരുവില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലെ ബാലന് പഠനത്തിന് സഹായം നല്‍കുകയാണ് പ്രകാശ് ഘോഷ്.
ദക്ഷിണ കൊല്‍ക്കത്തയില്‍ ബാലിഗഞ്ച് ഐടിഐക്ക് സമീപത്ത്, തെരുവില്‍ കഴിയുന്ന കുടുംബത്തിലെ ബാലനാണ് പ്രകാശ് അഭയമായിരിക്കുന്നത്. ജോലിക്കിടെ ഇദ്ദേഹം അവിചാരിതമായി പരിചയപ്പെട്ടതാണ് ഈ കുടുംബത്തെ. എട്ട് വയസുകാരനായ മകന്റെ വിദ്യാഭ്യാസം സംബന്ധിച്ച് തനിക്കുള്ള ആധി അമ്മയാണ് പ്രകാശിനോട് പങ്കിട്ടത്.
ആ അമ്മയുടെ ദുഖം അദ്ദേഹത്തിന്റെ മനസ് കീഴടക്കി. സമീപത്ത് തന്നെയുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ജോലി ചെയ്യുകയാണ് ഇവര്‍. മകനെ പഠിപ്പിച്ച് നല്ലനിലയില്‍ എത്തിക്കുകയെന്നതാണ് ഇവരുടെ സ്വപ്നം. അങ്ങനെ ജോലിക്കിടെ ലഭിക്കുന്ന ഒഴിവ് സമയത്ത് മൂന്നാം ക്ലാസുകാരനായ ബാലനെ പ്രകാശ് പഠിപ്പിക്കാന്‍ തുടങ്ങി.
ഇങ്ങനെ ബാലനെ പ്രകാശ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രം കൊല്‍ക്കത്ത പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ചിത്രമാണിത്. സംഭവത്തിന്റെ വിശദാംശങ്ങളും പോസ്റ്റില്‍ പങ്കിട്ടിരുന്നു. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ചിത്രം വൈറലാവുകയായിരുന്നു.
നിരവധി പേര്‍ ഈ ചിത്രം പങ്കുവയ്ക്കുകയും പ്രകാശിന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ത്തും മാതൃകാപരമായ പ്രവൃത്തിയെന്നാണ് ഏവരും ഇതിനെ വിശേഷിപ്പിക്കുന്നത്.