കീവ്: റഷ്യ തരിപ്പണമാക്കിയ ചെർണീവ് നഗരത്തിൽ യുക്രെയ്ൻ ജനതയെ ആപത്തിൽനിന്നു രക്ഷിക്കുന്ന നായയുടെ വിഡിയോ തരംഗമാകുന്നു. റഷ്യൻ സേന പിൻവാങ്ങിയതിനു പിന്നാലെ ചെർണീവ് നഗരത്തിലെ പല പ്രദേശങ്ങളിലും മൈനുകളും പൊട്ടാത്ത ഷെല്ലുകളും ഉപേക്ഷിച്ചിട്ടുണ്ട്. ഇവ കണ്ടെത്താൻ യുക്രെയ്ന്റെ സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്ഇഎസ്) ഉദ്യോഗസ്ഥരെ സഹായിക്കുന്ന ‘പേട്രൻ’ എന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മൈനുകളും ഷെല്ലുകളും കണ്ടെത്താൻ സഹായിക്കുന്ന, ജാക് റസൽ ടെറിയർ നായ ഇനത്തിൽപ്പെട്ടതെന്നു ചിത്രങ്ങളിൽ സൂചനയുള്ള പേട്രന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു യുക്രെയ്ൻ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിൽ മിടുക്കനായ പേട്രന്റെ സേവനം വിലപ്പെട്ടതാണെന്ന് എസ്ഇഎസ് അഭിപ്രായപ്പെട്ടു. രണ്ടര വയസ്സാണു പേട്രന്റെ പ്രായം. എത്ര സൂക്ഷ്മമായി ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും കണ്ടെത്തും എന്നതാണ് ഇവന്റെ പ്രത്യേകത. ആറു മാസം പ്രായമുള്ളപ്പോൾ സേവനം തുടങ്ങിയ പേട്രൻ, ഉദ്യോഗസ്ഥരോടെല്ലാം നല്ല കൂട്ടാണ്.
ഉദ്യോഗസ്ഥർ വയറ്റിൽ തലോടുന്നതു നന്നായി ആസ്വദിക്കുന്ന പേട്രനു കഴിക്കാൻ ചീസാണ് ഇഷ്ടം. ശരീരവലുപ്പത്തിൽ ചെറുതാണെങ്കിലും പ്രവൃത്തിയിൽ വലിയവനാണു പേട്രനെന്ന് ആരും സമ്മതിക്കും. യുക്രെയ്നിൽ നൂറുകണക്കിനു മൈനുകൾ കണ്ടെത്തി സുരക്ഷിതമായി ഒഴിവാക്കുന്നതിനു പേട്രൻ സഹായിച്ചെന്ന് എസ്ഇഎസ് ചൂണ്ടിക്കാട്ടി. അതേസമയം, മോർട്ടാർ ഷെല്ലുകളടക്കം റഷ്യൻ സേന ഉപേക്ഷിച്ചിട്ടുള്ളതിനാൽ ജനം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നു യുക്രെയ്ന്റെ നിർദേശമുണ്ട്.