spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSയുക്രെയ്ൻ്റെ കുന്തമുന തകർന്നു ; റഷ്യൻ മുന്നേറ്റം തടുത്ത 1000 ഓളം വരുന്ന അസോവ് പോരാളികള്‍...

യുക്രെയ്ൻ്റെ കുന്തമുന തകർന്നു ; റഷ്യൻ മുന്നേറ്റം തടുത്ത 1000 ഓളം വരുന്ന അസോവ് പോരാളികള്‍ മരണമുഖത്ത്: ഗതി മാറി യുദ്ധം

- Advertisement -

അവസാനതുള്ളി രക്തവും ഇറ്റുവീഴുംവരെ പോരാടാന്‍ തുനിഞ്ഞിറങ്ങിയവരാണ് യുക്രെയ്‌ന്റെ അസോവ് പടയാളികള്‍. പൂ പറിക്കുന്ന ലാഘവത്തോടെ യുക്രെയ്‌നെ കീഴടക്കാമെന്ന് കരുതി യുദ്ധത്തിനിറങ്ങിയ റഷ്യയ്ക്ക മൂന്നു മാസം പൊരുതിയിട്ടാണ് അസോവ് റെജിമെന്റിനെ ഒതുക്കാനായത്. റഷ്യന്‍ സൈന്യത്തെ പിടിച്ചുനിർത്തിയ അസോവ് പോരാളികള്‍ കീഴടങ്ങിയതോടെ ഇനി യുദ്ധത്തിന്റെ ഗതിയെന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യന്‍ പടയോട്ടത്തിന് മുന്നില്‍ തീര്‍ത്ത വാരിക്കുഴിയായിരുന്നു അസോവ്. കണക്കുകൂട്ടലുകൾക്കപ്പുറം റഷ്യയ്ക്കു നഷ്ടം വരുത്തിവച്ചതിന്റെ കടിഞ്ഞാണ്‍ അസോവിനായിരുന്നു. ആ പോരാട്ട വീര്യത്തിന് അന്ത്യമായോ?, റഷ്യന്‍ സൈനിക ബലത്തിനു മുന്നില്‍ യുക്രെയ്ന്‍ മുട്ടുമടക്കുമോ എന്നുള്ള ചോദ്യങ്ങള്‍ രാജ്യാന്തരതലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നു.

റഷ്യയുടെ കടന്നുകയറ്റം ചെറുക്കുന്നതിന്റെ ഭാഗമായി പ്രത്യേക സൈനിക പരിശീലനത്തിൽ ഏർപ്പെട്ട അസോവ് ബറ്റാലിയനിലെ സൈനികർ. മാർച്ച് മാസത്തിൽ പകർത്തിയ ചിത്രം. കടപ്പാട് – Sergey BOBOK / AFP
- Advertisement -

മരിയുപോളിലെ അസോവ്‌സ്റ്റാള്‍ ഉരുക്കു ഫാക്ടറി റഷ്യ പിടിച്ചെടുക്കുകയും യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങുകയും ചെയ്തത് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ പുതിയ ദിശയിലേക്ക് നയിച്ചിരിക്കുകയാണ്. ഇനിയും ചോരപ്പുഴയൊഴുക്കാതെ പോരാട്ടം മതിയാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സൈനികര്‍ കീഴടങ്ങിയത്. ചെറുത്തുനിന്ന 2,439 യുക്രെയ്ന്‍ പോരാളികള്‍ കീഴടങ്ങുകയും യുക്രെയ്ന്‍ സൈന്യത്തിന്റെ അവസാന താവളമായ അസോവ്സ്റ്റാള്‍ ഉരുക്കുനിര്‍മാണഫാക്ടറി മോചിപ്പിക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രി, പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ അറിയിച്ചു. ഉരുക്കുഫാക്ടറിയില്‍നിന്നുളള പ്രതിരോധത്തിനു നേതൃത്വം നല്‍കിയ അസോവ് കമാന്‍ഡര്‍ അടക്കം യുക്രെയ്ന്‍ സൈനികരെ റഷ്യ യുദ്ധത്തടവുകാരാക്കി.

പരുക്കേറ്റ അസോവ് സേനാംഗം
- Advertisement -

മൂന്നു മാസം പിന്നിടുന്ന ആക്രമണത്തിൽ റഷ്യക്കു ലഭിച്ച ഏറ്റവും വലിയ സൈനികവിജയമാണ് മരിയുപോള്‍ പിടിക്കാൻ കഴിഞ്ഞത്. മരിയുപോളിന്റെ പുനര്‍നിര്‍മാണം റഷ്യ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുറമുഖം തുറന്നു പ്രവര്‍ത്തിപ്പിക്കാനായി കുഴിബോംബുകള്‍ നീക്കം ചെയ്യാനും ആരംഭിച്ചു. റഷ്യന്‍ സൈന്യത്തിനൊപ്പം വിഘടനവാദികളും ചെചന്‍ സൈന്യവും അസോവിനെതിരെ മരിയുപോളില്‍ പോരാടി. മരിയുപോളിലെ യുദ്ധം ഏറെക്കുറെ അവസാനിച്ചെങ്കിലും അവിടെ ആയിരക്കണക്കിനു റഷ്യന്‍ സൈനികരാണ് തുടരുന്നത്. വെള്ളവും വൈദ്യുതിയും ഭക്ഷണവും മരുന്നുമില്ലാതെ ഇവരെ മരിയുപോളില്‍ അധികം കാലം നിലനിര്‍ത്താനാകില്ല എന്നാണ് വിലയിരുത്തുന്നത്.

- Advertisement -

അസോവ്; യുക്രെയ്‌ന്റെ കുന്തമുന

അസോവ് സൈന്യത്തിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ റഷ്യന്‍ സൈന്യം പലപ്പോഴും ചിതറിപ്പോയി. ആശയവിനിമയ സംവിധാനം തകര്‍ന്നു. മരിയുപോള്‍ പിടിക്കാനെത്തിയ റഷ്യന്‍ സൈന്യത്തിലെ ഉന്നത കമാന്‍ഡർമാർ ഉള്‍പ്പെടെ നൂറുകണക്കിനു സൈനികര്‍ മരിച്ചുവീണു. എന്നിട്ടും റഷ്യ തിരിച്ചടിച്ചു. ഏറ്റവും രക്തരൂഷിതമായ യുദ്ധം നടന്ന മരിയുപോള്‍ ശവപ്പറമ്പായി മാറി. ഇനിയും രക്തപ്പുഴ ഒഴുക്കേണ്ടതില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഒടുവിൽ അസോവ് സൈന്യം കീഴടങ്ങുകയായിരുന്നു.

കീഴടങ്ങിയ അസോവ് പോരാളികളെ ബസിൽ കൊണ്ടുപോകുന്നു.

അസോവ് ബറ്റാലിയനെ സ്പാര്‍ട്ടന്‍സ് എന്നാണ് വിളിക്കുന്നത്. 2500 വര്‍ഷം മുന്‍പ് പേര്‍ഷ്യ ഗ്രീസിലേക്ക് നടത്തിയ മുന്നേറ്റത്തിന് തടയിട്ട സ്പാര്‍ട്ടന്‍ പോരാളികൾക്കു സമന്മാരായാണ് ഇവരെ യുക്രെയ്ന്‍കാർ കണക്കാക്കുന്നത്. അസോവ് ഉരുക്കു ഫാക്ടറിയില്‍ സോവിയറ്റ് കാലത്ത് നിര്‍മിച്ച തുരങ്കങ്ങളിലായിരുന്നു അസോവ് പോരാളികള്‍ കേന്ദ്രീകരിച്ചത്. 11 ചതുരശ്ര കിലോമീറ്ററാണ് അസോവ്‌സ്റ്റാളിന്റെ വിസ്തീര്‍ണം. അസോവ്‌സ്റ്റാള്‍ പിടിച്ചെടുക്കുക എന്നത് റഷ്യയുടെ അഭിമാന പ്രശ്‌നമായി മാറി. അതുകൊണ്ടാണ്, ഒരു ഈച്ച പോലും പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് ഏപ്രിലില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞത്. ഡ്രോൺ, ടാങ്ക്, മിസൈല്‍ തുടങ്ങി സകല ആയുധങ്ങളും റഷ്യ മരിയുപോളില്‍ പ്രയോഗിച്ചു. യുദ്ധത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ടെലഗ്രാംവഴിയായിരുന്നു അസോവ് ബറ്റാലിയന്‍ ആശയവിനിമയം നടത്തിയത്. പരുക്കേറ്റവരെ പുറത്തെത്തിക്കുന്നതിനും യുദ്ധത്തിന്റെ ഭീകര ദൃശ്യങ്ങള്‍ കാണിക്കുന്നതിനും അവര്‍ ടെലഗ്രാം ഉപയോഗിച്ചു. അസോവ് ബാറ്റാലിന്റെ പോരാട്ടത്തെ പാശ്ചാത്യ ലോകം വാഴ്ത്തി. മാസ്മരിക പ്രകടനം എന്നാണ് ബ്ലും ബര്‍ഗ് എഴുതിയത്.

ശാരീരികമായും മാനസികമായും തളര്‍ന്ന പോരാളികള്‍ വെള്ളവും ഭക്ഷണവും മരുന്നും ഇല്ലാതായതോടെയാണ് കീഴടങ്ങല്‍ തീരുമാനത്തിലെത്തിയത്. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട അസോവ് പോരാളികളെ തിരികെയംത്തിക്കുക എന്നത് രാജ്യത്തിന്റെ സുപ്രധാന വിഷയമാണെന്ന് യുക്രെയ്ന്‍ പ്രസിന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘‘യുക്രെയന്‍ നായകന്‍മാരെ ജീവനോടെ രാജ്യത്തിന് ആവശ്യമുണ്ട്. ആണ്‍കുട്ടികളെ തിരികെ വീട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നു വരികയാണ്. യുക്രെയ്ന്‍ സൈനികരെ മോചിപ്പിച്ചാല്‍ റഷ്യന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാം’’ -സെലന്‍സ്‌കി പറഞ്ഞു.

അസോവ് സേനാംഗം

റഷ്യ ഏറ്റവും അധികം വെറുക്കുന്നത് അസോവ് പോരാളികളെയാണ്. അസോവ് പോരാളികള്‍ നാത്‌സികളാണെന്നും അതിദേശീയവാദം പുലര്‍ത്തുന്നവരാണെന്നും നവനാത്‌സി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണെന്നുമാണ് റഷ്യ പറയുന്നത്. നവനാത്‌സികളാണ് യുദ്ധം നടത്തുന്നതെന്ന് പുട്ടിൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.

അസോവിന്റെ നാത്‌സി ബന്ധം

2014ല്‍ വിഘടന വാദികള്‍ക്കെതിരെ പോരാടാനിറങ്ങിയതോടെയാണ് അസോവ് പോരാളികള്‍ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ആയിരത്തോളം വരുന്ന പ്രത്യേക സംഘമാണ് അസോവ് റജിമെന്റ്. അതിദേശീയതാവാദം, വംശീയത, നാത്‌സി ചിന്താഗതികള്‍ എന്നിവയെല്ലാം ഇവരുടെ പ്രത്യേകതയാണെന്ന് ആരോപിക്കപ്പെടുന്നു. 2014 മേയിലാണ് പാട്രിയറ്റ് ഓഫ് യുക്രെയ്‌നും നിയോ നാത്‌സി സോഷ്യല്‍ നാഷനല്‍ അസംബ്ലിയും (എസ്എന്‍എ) ചേര്‍ന്ന് പുതിയൊരു സംഘത്തിന് തുടക്കം കുറിച്ചത്. തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്നവരെ കായികമായി കൈകാര്യം ചെയ്യുന്നുവെന്നത് അടക്കം ഇവര്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. റഷ്യയെ പിന്തുണയ്ക്കുന്ന വിഘടനവാദികളുടെ നിയന്ത്രണത്തിലായിരുന്ന മരിയുപോള്‍ പിടിച്ചെടുത്തതോടെ 2014 നവംബര്‍ 12നാണ് ഇവരെ യുക്രെയ്ന്‍ നാഷനല്‍ ഗാര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. അവര്‍ നമ്മുടെ മികച്ച യോദ്ധാക്കളാണ് എന്നാണ് അന്നത്തെ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ വിശേഷിപ്പിച്ചത്.

2005ല്‍ സ്ഥാപിതമായ പാട്രിയറ്റ് ഓഫ് യുക്രെയ്ന്‍, 2008ല്‍ സ്ഥാപിതമായ എസ്എന്‍എ എന്നിവയുടെ നേതാവായിരുന്ന ബിലെട്‌സ്‌കിയാണ് അസോവിന്റെ സ്ഥാപകന്‍. 2014ല്‍ അദ്ദേഹം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അസോവില്‍നിന്നു വിട്ടു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് സൈന്യത്തില്‍ തുടരാന്‍ സാധിക്കാത്തതിനാലായിരുന്നു ഇത്. 2019 വരെ അദ്ദേഹം എംപിയായിരുന്നു. സൈന്യത്തിന്റെ ഭാഗമാകുന്നതിന് മുന്‍പ് അസോവ് ആശയങ്ങളെ പിന്തുണയ്ക്കുന്ന ധനാഢ്യന്‍മാരായിരുന്നു സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നത്. സ്വസ്തിക പോലുള്ള നാത്‌സി ചിഹ്നങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.

നാത്‌സി ബന്ധം പുലര്‍ത്തുന്നതിനാല്‍ അസോവിന് പിന്തുണ നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനും യുഎസും കാനഡയും 2015ല്‍ നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ അടുത്ത വര്‍ഷം തന്നെ യുഎസ് ഈ നിരോധനം നീക്കി. 2016ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അസോവിനെ ഫോറിന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ) ആയി പ്രഖ്യാപിക്കണമെന്ന് യുഎസിലെ പ്രതിനിധികള്‍ ബൈഡന്‍ ഭരണകൂടത്തോട് അടക്കം ആവശ്യപ്പെട്ടിരുന്നു. 2016 ല്‍ അസോവിനെ അപകടകരമായ സംഘടന എന്നു വിശേഷിപ്പിച്ച ഫെയ്‌സ്ബുക് 2019 ല്‍ അസോവ് പേജിന് നിരോധനവും ഏര്‍പ്പെടുത്തി. എന്നാല്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ഫെയ്‌സ്ബുക് അസോവ് പേജ് പുനഃസ്ഥാപിച്ചു.

മരണം കാത്ത് പോരാളികള്‍

മരിയുപോള്‍ തകര്‍ത്തത് അസോവ് പോരാളികളാണെന്നാണ് റഷ്യയുടെ ആരോപണം. ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ജനങ്ങളെ മനുഷ്യ കവചങ്ങളായി യുദ്ധത്തില്‍ ഉപയോഗിക്കുകയും ചെയ്തു. റോഡുകളും പാലങ്ങളും തകര്‍ക്കുകയും മരിയുപോളില്‍നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിച്ചവരെ തടയുകയും വെടിവച്ചുകൊല്ലുകയും ചെയ്‌തെന്നും റഷ്യ ആരോപിക്കുന്നു. യുദ്ധവീരന്‍മാരായി ആരാധിക്കപ്പെടാന്‍ അസോവ് പോരാളികളെ ഒരു കാരണവശാലും യുക്രെയ്‌നിലേക്ക് തിരികെ അയയ്ക്കില്ലെന്നാണ് റഷ്യന്‍ സെനറ്റര്‍ ആന്ദ്രെ ക്ലിഷാസ് പറഞ്ഞത്. വിചാരണ ചെയ്ത് മരണശിക്ഷ വിധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസോവ് സംഘത്തെ കാത്തിരിക്കുന്നത് മരണം തന്നെയാണെന്നാണ് യുക്രെയ്‌നിലുള്ളവരും കരുതുന്നത്. കീവ് അടക്കമുള്ള നഗരങ്ങള്‍ പിടിച്ചടക്കാന്‍ സാധിക്കാത്തതിന്റെ നിരാശ തീര്‍ക്കാന്‍ റഷ്യ അസോവ് പോരാളികളെ കൊല്ലുമെന്നുമെന്ന് അവര്‍ കരുതുന്നു.

പരുക്കേറ്റ അസോവ് പോരാളികളെ റഷ്യൻ സൈന്യം ബസിൽ കൊണ്ടുപോകുന്നു.

എന്നാല്‍ യുക്രെയ്ന്‍ പ്രസിഡന്റ് ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസത്തിലാണ്. റഷ്യയുടെ നൂറുകണക്കിന് സൈനികരാണ് യുക്രെയ്നിന്റെ പിടിയിലുള്ളത്. ഇവരെ മോചിപ്പിക്കാന്‍ പുട്ടിന്‍ അസോവ് സൈന്യത്തെ വിട്ടയയ്ക്കുമെന്നാണ് സെലെന്‍സ്‌കി കരുതുന്നത്. അതേ സമയം, റഷ്യ അസോവ് സൈനികരെ വിട്ടയ്ക്കാന്‍ സാധ്യത കുറവാണെന്ന് ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. നവനാത്‌സികള്‍ എന്ന് റഷ്യ വിശേഷിപ്പിക്കുന്ന ഇവരെ വിട്ടയച്ചാല്‍ അത് അഭിമാനപ്രശ്‌നമായി മാറും. പിടികൂടിയ സൈനികരില്‍ നിരവധിപ്പേര്‍ ഗുരുതര പരുക്കേറ്റവരാണ്. ഇവര്‍ എത്രകാലം ജീവിച്ചിരിക്കുമെന്നുപോലും അറിയില്ല. ബാക്കിയുള്ളവരേയും മതിയായ ചികിത്സ നല്‍കാതെയോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ ഇല്ലാതാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -