കണ്ണൂർ: രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപെട്ട് കോൺഗ്രസ് ഹൈക്കമാൻ്റിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മക്കുറ്റി .ഡൽഹിയിൽ പോയി കാര്യം സാധിക്കുന്നടുത്തോളം കോൺഗ്രസ് പ്രസ്ഥാനം രക്ഷപെടില്ല. മണ്ണിലിറങ്ങി നയിക്കുന്നവരെയും, അടികൊള്ളുന്നവരെയും നേതൃത്വം അവഗണിക്കുന്നു.ഇവർ എം എൽ എ പോയിട്ട് ഒരു പഞ്ചായത്ത് മെമ്പർ പോലും ആവില്ല.
അർഹത മാനദണ്ഡമാക്കുന്നില്ലെന്നതാണ് ഇന്ന് കോൺഗ്രസിൻ്റെ ഏറ്റവും വലിയ ശാപം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൻ്റെ പേരും കണ്ണൂർ മണ്ഡലത്തിൽ സജീവമായി പരിഗണിച്ചിരുന്നു. പിന്നീട് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ പുറത്തായി.സ്ഥാനാർത്ഥിയാവാൻ പലരും ഡൽഹിയിൽ പോയി വാങ്ങിയെടുത്തു. ഞാൻ പോയില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. അർഹത മാനദണ്ഡമാക്കി പരിഗണിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും റിജിൽ പറഞ്ഞു.
കണ്ണൂരിലെ കെ റെയിൽ പ്രക്ഷോഭത്തിന് മുന്നിൽ നിന്ന് പോലിസ് മർദ്ദനമേറ്റയാളാണ് റിജിൽ മാക്കുറ്റി. കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് മറ നീക്കി പുറത്തു വരുന്നതാണ് റിജിലിൻ്റെ പരസ്യ പ്രസ്താവനയെന്ന് രാഷ്ട്രിയ വിലയിരുത്തൽ. കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ്റെ വിശ്വസ്തനാണ് റിജിൽ മാക്കുറ്റി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനായി പ്രൊഫ: കെ വി തോമസിൻ്റെ പിന്തുണക്കുന്നതിനുള്ള മറുപടി ആയാണ് എ, ഐ ഗ്രൂപ്പുകൾ ഇതിനെ കാണുന്നത്. ക്രൈസ്തവ സഭകളുടെ പിന്തുണയും കെ.വി തോമസിനുണ്ട്.