തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, സംസ്ഥാന കോൺഗ്രസിൽ ആന്റണിക്ക് പകരം സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചന തുടങ്ങി. ആന്റണി ഇനി വീണ്ടും മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള പേരിനാകും മുൻതൂക്കം ലഭിക്കുക. ഇക്കാര്യം ആന്റണി തുറന്നു പറഞ്ഞിട്ടുമില്ല. എങ്കിലും പരിഗണനാ പട്ടികയിൽ മുന്നിലുള്ളത് മുതിർന്ന നേതാക്കളാണ്. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടതു ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ്, വി എം സുധീരൻ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. യുവാക്കളെ പരിഗണിച്ചാൽ മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബൽറാമിനും സാധ്യതയുണ്ട്.
എൽഡിഎഫിനു വിജയിക്കാനാകുന്ന 2 സീറ്റുകൾ സിപിഎമ്മും യുഡിഎഫിന്റെ ഒരു സീറ്റ് കോൺഗ്രസും ഏറ്റെടുക്കും എന്നു തന്നെയാണ് സൂചന. യുഡിഎഫിൽ കോൺഗ്രസ് തന്നെ സീറ്റിൽ മത്സരിച്ചേക്കും. സി പി ജോൺ താൽപ്പര്യം അറിയിച്ചു മുന്നണിക്കു കത്തു നൽകിയെങ്കിലും പരിഗണിക്കാനുള്ള സാധ്യത കുറവാണ്. യുഡിഎഫിനൊപ്പം 36 വർഷമായി അടിയുറച്ചു നിന്നിട്ടും പാർലമെന്ററി അവസരങ്ങൾ കിട്ടിയില്ലെന്നാണ് സിപി ജോണിന്റെ പരാതി.
ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി ഇതിനകം അറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും ഇതുവരെ നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും എ കെ ആന്റണി പ്രതികരിച്ചു. ഇടതു മുന്നണിയിൽ രണ്ടു സീറ്റും എംപി.വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു ശ്രേയാംസ് കുമാറിനു കൈമാറുകയായിരുന്നു.
എന്നാൽ, നിയമസഭയിൽ ഒരു എംഎൽഎ മാത്രമുള്ള എൽജെഡിക്ക് തുടർന്നു സീറ്റ് നൽകാൻ സാധ്യതയില്ല. എൽഡിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് എൽജെഡിയും ജനതാദൾ എസും ലയിക്കാതിരുന്നതും ആവശ്യം തള്ളുന്നതിനു കാരണമാകും. മറ്റെല്ലാം കക്ഷികൾക്കും മന്ത്രിസ്ഥാനം കിട്ടുകയോ ഉറപ്പു ലഭിക്കുകയോ ചെയ്തിട്ടുള്ളതിനാൽ തങ്ങൾക്കു രാജ്യസഭാ സീറ്റ് നൽകണമെന്ന് എൽജെഡി സമ്മർദം ചെലുത്തുന്നുണ്ട്.
ഇപ്പോൾ ബിനോയ് വിശ്വം രാജ്യസഭാംഗമായതിനാൽ മറ്റൊരു സീറ്റിനു സിപിഐക്ക് സാധ്യതയില്ല. എന്നാൽ, 2 ഒഴിവുകൾ ഒരുമിച്ചു വരുമ്പോൾ ഒന്നു സിപിഐക്കു നൽകാമെന്ന പഴയ വാക്ക് പാലിക്കണമെന്ന് പാർട്ടി ആവശ്യപ്പെടും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കു വേണ്ടി എൻസിപിയും രംഗത്തുണ്ട്. മുൻ മന്ത്രിമാരടക്കമുള്ളവരെ സിപിഎം പരിഗണിക്കാനിടയുണ്ടെങ്കിലും പാർട്ടി തലമുറമാറ്റത്തിനു പ്രാധാന്യം നൽകുന്ന ഇക്കാലത്ത് അപ്രതീക്ഷിത മുഖങ്ങൾ കയറിവരാം.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31 നാണ് നടക്കുന്നത്. കേരളത്തിൽ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. എകെ ആന്റണി (കോൺഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാർ (എൽജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്.