കൊച്ചി: കോൺഗ്രസിൽ വീണ്ടൂം പെട്ടി തൂക്കികളുടെ കാലം. ജില്ല കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനയിൽ പാർട്ടി ഘടകം നടപടിക്ക് ശുപാർശ നൽകിയവരെയും തിരുകി കയറ്റിയതായി ആരോപണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ പേരിൽ അച്ചടക്ക നടപടിക്ക് മണ്ഡലം കമ്മിറ്റി നൽകിയ ശുപാർശയിൽ ഉൾപ്പെട്ടവരെ ഡി സി സി പുനസംഘടനയിൽ ഉൾപ്പെടുത്തുന്നതായാണ് പുറത്തവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിലവിൽ കോതമംഗലം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഇവർ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ പാർട്ടി സ്ഥാനാർത്ഥികൾക്കതിരെ റിബൽ സ്ഥാനാർത്ഥികളെ നിർത്തുകയും പത്തോളം വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്തെന്നാണ് കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ റിപ്പോർട്ട്.
കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ്, ഡിസിസി പ്രസിഡൻറ്, കെ പി സി സി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ്,എ ഐ സി സി ജനറൽ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. മാത്രമല്ല ഡിസിസി പുന:സംഘടനയിൽ ഇവർക്ക് പ്രാധിനിത്യം നൽകുകയാണെന്നുമാണ് ആക്ഷേപം ഉയരുന്നത്.
ഡൽഹിയിൽ കോൺഗ്രസിൻ്റെ രണ്ടാമനായ കേരളത്തിൽ നിന്നുള്ള നേതാവിൻ്റെയും ഒരു യുവ എം പി യുടെയും ഡിസിസി പ്രസിഡൻ്റിൻ്റെയും പിന്തുണയും ഇവരുമായുള്ള ചില അവിശുദ്ധ കൂട്ടുകെട്ടുമാണ് നടപടിയെടുക്കാത്തതിന് പിന്നിലെന്ന് പ്രവർത്തകർ പറയുന്നു. നേതാക്കളുടെ പെട്ടി തൂക്കികൾക്ക് മാത്രമെ പാർട്ടിയിൽ സ്ഥാനമുള്ളുവെന്ന ആരോപണം ശക്തമാണ്. അസംതൃപ്തരായ നൂറുകണക്കിന് പ്രവർത്തകൾ പാർട്ടി വിടാനൊരുങ്ങുന്നെന്നാണ് ലഭ്യമാകുന്ന വിവരം.