കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് കേരളക്കരയാകെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ്. അന്തരിച്ച എംഎല്‍എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായും ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. യഥാര്‍ഥത്തില്‍ മത്സരം നടക്കുന്നത് തൃക്കാക്കരയിലാണെങ്കിലും സംഘര്‍ഷം കാത്തോലിക്ക സഭയ്ക്കുള്ളിലാണ്.
സഭയുടെ കീഴിലുള്ള ലിസി ആശുപത്രിയിലെ ഡോക്ടറായ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടെയാണ് സഭയ്ക്കുള്ളില്‍ സംഘര്‍ഷം ഉടലെടുത്തത്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ അനുദിനം ശക്തിയാര്‍ജിക്കുകയാണ്. ജനാഭിമുഖ കുര്‍ബാനയുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളിലെ പോര് ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടെ അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഡോ.ജോ ജോസഫ് ജോലിചെയ്യുന്ന ലിസി ആശുപത്രിയില്‍ വൈദികരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഇതാണ് ജോ ജോസഫ് കത്തോലിക്ക സഭയുടെ സ്ഥാനാര്‍ഥിയാണെന്ന വാദമുയരാന്‍ കാരണം. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നിലെന്ന് സഭയിലെ ഒരു വിഭാഗം ആരോപിക്കുന്നു. വൈദികരുടെ സാന്നിധ്യത്തില്‍ ലിസി ആശുപത്രിയില്‍ വച്ച് ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം നടത്തിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കെസിബിസി മുന്‍ വക്താവ് രംഗത്തെത്തി.
ഒപ്പം തന്നെ ഇടത് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം- അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. സഭയുടെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫെന്ന പ്രചാരണം തള്ളി സീറോ മലബാര്‍ സഭയും രംഗത്തെത്തി. ഇത് സഭാ വിശ്വാസികളോടുള്ള വെല്ലുവിളിയായാണ് മറ്റൊരു കൂട്ടര്‍ കാണുന്നത്. വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കി ജയമുറപ്പാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന ആരോപണവും ശക്തമാവുകയാണ്.