തിരുവല്ല : കുന്നന്താനത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അടുത്ത വീട്ടിലെ എട്ടുവയസുകാരനേയും മാരകമായി പരുക്കേല്‍പ്പിച്ചു. തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റ് രണ്ട് പേരെയും പ്രതി രാവിലെ പരുക്കേല്‍പ്പിച്ചിരുന്നു.

കുന്നന്താനം സ്വദേശിനി 62 വയസുള്ള വിജയമ്മയേയാണ് പായിപ്പാട് സ്വദേശി അയ്യപ്പന്‍ എന്ന് വിളിക്കുന്ന പ്രദീപ് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നത്. വീട്ടില്‍ തുണി കഴുകിക്കൊണ്ട് നില്‍ക്കുമ്പോഴായിരുന്നു വിജയമ്മയെ ആക്രമിച്ചത്. നിലവിളികേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപെട്ടു.
വിജയമ്മയെ കുത്തിയ ശേഷം അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടുനിന്ന എട്ടുവയസുകാരന്‍റെ തലയില്‍ വടികൊണ്ട് അടിച്ചു. തലയോട്ടിയില്‍ പൊട്ടല്‍ കണ്ടെത്തിയതോടെ വിദഗ്ധ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിജയമ്മയെ ആക്രമിക്കും മുന്‍പ് മറ്റുരണ്ടുപേരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. പ്രതിയെ പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പൊലീസിനെ ആക്രമിക്കാനും പ്രതി ശ്രമിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പ് ലഹരിക്കേസുകളില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായ ശേഷവും അക്രമാസക്തനാണ് ഇയാള്‍.