പത്തനംതിട്ട: വിജിലൻസ് മിന്നൽ പരിശോധനയിൽ പിടികൂടിയ രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പത്തനംതിട്ട അമാൽഗമേറ്റഡ് സബ് റജിസ്ട്രാർ ഓഫിസിലെ സബ് റജിസ്ട്രാർ ടി.സനൽ, സീനിയർ ക്ലാർക്ക് കെ.ജി.ജലജ കുമാരി എന്നിവരെയാണ് റജിസ്ട്രേഷൻ വകുപ്പ് സർവീസിൽ നിന്ന് നീക്കിയത്. കഴിഞ്ഞ നവംബർ 11ന് ഓപ്പറേഷൻ സത്യജ്വാല എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായി പത്തനംതിട്ട ഓഫിസിലും മിന്നൽ പരിശോധന നടത്തി.

അപ്പോഴാണ് സനലിന്റെ കയ്യിൽ നിന്നും കാറിൽ നിന്നുമായി അനധികൃതമായി സൂക്ഷിച്ച 62,100രൂപ കണ്ടെടുക്കുന്നത്. കൂടാതെ ഗൂഗിൾ പേ, ഫോൺ പേ എന്നീ ഓൺലൈൻ ആപ്ലിക്കേഷൻ വഴി വിവിധ അക്കൗണ്ടുകളിൽ നിന്ന് തുകകൾ ലഭിച്ചതായും 50,000 വരെയുള്ള തുകകൾ ഭാര്യയുടെയും മറ്റു ചിലരുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി.
ജലജകുമാരിയുടെ പക്കൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 12,700 രൂപയാണ് പിടിച്ചെടുത്തത്. ഇതിനു മുൻപും ഇവരുടെ ഭാഗത്തു നിന്ന് സമാനമായ പ്രവണതകൾ ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.