കായംകുളം: ആത്മഹത്യാഭീഷണി മുഴക്കി പെട്രോൾ നിറച്ച കുപ്പിയുമായി ബിഎസ്എൻഎൽ ടവറിൽ കയറിയ യുവതിയെ കടന്നൽ കുത്തി. കടന്നൽക്കൂട്ടം ആക്രമിച്ചതോടെ അലറിവിളിച്ച യുവതി സ്വയം താഴെയിറങ്ങിയതോടെ പൊലീസിനും അഗ്നിശമനസേനക്കും ആശ്വാസമായി. യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 ന് കായംകുളം ബിഎസ്എൻഎൽ ഓഫിസ് അങ്കണത്തിലെ ടവറിലാണ് 23 വയസ്സുകാരിയായ തമിഴ്നാട് സ്വദേശി കയറിയത്.
ഭർത്താവിനോടൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ ജീവനക്കാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ ടവറിനു ചുറ്റും വലവിരിച്ചു മുൻകരുതലെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പി താഴെ വീണു. ഇതോടെ ടവറിന്റെ കൂടുതൽ ഉയരത്തിലേക്കു യുവതി കയറാൻ തുടങ്ങി.
കടന്നലുണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകിയെങ്കിലും യുവതി കൂട്ടാക്കിയില്ല. ഈ സമയം കടന്നൽക്കൂട്ടം ഇളകി യുവതിയെ ആക്രമിച്ചതോടെ യുവതി സ്വയം താഴേക്കിറങ്ങി. തുടർന്ന് പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചു. ഭർത്താവുമായി വഴക്കിട്ട് കുഞ്ഞുമായി വീടു വിട്ട യുവതി ആദ്യം തിരൂരിൽ സഹോദരിയുടെ വീട്ടിലാണ് എത്തിയത്. ഭർത്താവ് അവിടെയെത്തി മർദിച്ചശേഷം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. തിരൂരിൽ നിന്ന് ചാരുംമൂട് പുതുപ്പള്ളിക്കുന്നത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ ശേഷമാണ് കായംകുളത്ത് വന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. തിരൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.