തിരുവനന്തപുരം: യുവ നടിയെ കൂടുതൽ അവസരങ്ങള്‍ വാഗ്ദാനം നല്‍കി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരായ പീഡന പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. തന്റെ മകന് എതിരായ പരാതി വ്യാജമാണ് എന്നും പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമ്മ മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി.
തന്റെ മകനെതിരെ സിനിമ മേഖലയില്‍ നിന്നും തന്നെ എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ തന്റെ മകന് എതിരെ ഗൂഡാലോചന നടത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതിയായ വിജയ് ബാബു ഇപ്പോഴും ഒളിവില്‍ തന്നെയാണ് കഴിയുന്നത്. വിജയ് ബാബു ദുബായിലാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
എന്നാല്‍ വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നിലപാട്. നിലവില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 18 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എന്നാല്‍ കീഴടങ്ങാന്‍ ഇനിയും വിജയ് ബാബുവിന് സമയം നല്‍കാനാവില്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒന്നരമാസത്തോളം വിജയ് ബാബു, തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായാണ് യുവനടി പോലീസില്‍ പരാതി നല്‍കിയത്. ശാരീരികവും മാനസികവുമായ വലിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.