വത്തിക്കാന്‍: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. നീലകണ്ഠപിള്ള എന്നായിരുന്നു ദേവസഹായം പിള്ളയുടെ പേര്. മാർത്താണ്ഡ വർമ രാജാവിന്‍റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും.
ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. രാജാവിന്‍റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. പഴയ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ആണ് ദേവസഹായം പിള്ളയുടെ ജനനം. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.