കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികളെയും ഐറ്റി പ്രഫഷണലുകളെയും ലക്ഷ്യം വച്ചു കൊണ്ട് ലഹരി മരുന്ന് വില്‍പ്പന നടത്തിയ യുവാക്കളും യുവതിയും പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, തിരുവല്ല സ്വദേശി അഭിമന്യൂ സുരേഷ്, തിരുവനന്തപുരം സ്വദേശിനി അമൃത എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇന്‍ഫോപാര്‍ക്ക് പ്രദേശത്താണ് ലഹരി മരുന്ന വില്‍പ്പന നടത്തി വന്നിരുന്നത്. ഇതിനിടയിലാണ് എറണാകുളം ഡാന്‍സാഫിന്റെയും ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെയും പിടിയിലായത്.
ഇവര്‍ കൊച്ചി കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പന നടത്തി വന്നിരുന്നത്. ഇവര്‍ ബംഗളൂരുവില്‍ നിന്നാണ് വില്‍പ്പനയ്ക്കായി ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. അറസ്റ്റിലായ യുവതി കായിക അധ്യാപികയാണ്. ഇവരെക്കുറിച്ച് പോലീസിന് വളരെ മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ പോലീസ് ഇവരെ നാളുകളായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് ലഹരി മരുന്ന് വില്‍പ്പനയില്‍ നേരിട്ട് പങ്ക് ഉണ്ട് എന്ന് തെളിഞ്ഞു.
എന്നാല്‍ പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സംഘം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസവും രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അടുപ്പക്കാര്‍ക്കു മാത്രമാണ് ഇവര്‍ രഹസ്യമായി ലഹരി വിറ്റിരുന്നത്. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാല്‍ പ്രതികളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്ന് പൊലീസ് പറയുന്നു.