ഗാർഹിക, ഗാർഹികേതര, വ്യവസായ ഉപയോക്താക്കൾക്കെല്ലാം ശുദ്ധജല ഉപയോഗത്തിന്റെ നിരക്കിൽ നാളെ മുതൽ 5 % വർധന വരും. ഗാർഹികേതര ഉപയോക്താക്കൾക്കുള്ള ഫിക്സഡ് നിരക്കും സുവിജ് നിരക്കും നഗര–ഗ്രാമീണ പ്രദേശങ്ങളിലെ പൊതു ടാപ്പുകൾക്കുള്ള നിരക്കുകളും വർധിക്കും. ബിപിഎൽ വിഭാഗത്തിനു നിലവിലെ സൗജന്യം തുടരും.
ഗാർഹിക ഉപയോക്താക്കൾക്കു പ്രതിമാസം 1000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്കായ 4.20 രൂപ നാളെ മുതൽ 4.41 രൂപയാകും. 1000 മുതൽ 5000 ലീറ്റർ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21 രൂപയിൽനിന്ന് 22.05 രൂപയാകും.
പുതിയ വാഹനങ്ങൾക്ക് ഹരിതനികുതി
സംസ്ഥാനത്തു പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിതനികുതി നാളെ മുതൽ ഈടാക്കിത്തുടങ്ങും. പഴയ വാഹനങ്ങൾക്കു നിലവിൽ ഇൗടാക്കുന്ന ഹരിതനികുതിയിലെ വർധനയും നാളെ പ്രാബല്യത്തിലാകും.
ഹരിതനികുതി വർധന ഇങ്ങനെ
• 15 വർഷം കഴിഞ്ഞ 4 ചക്രമോ അതിലേറെയോ ഉള്ള സ്വകാര്യ വാഹനങ്ങൾ: തുടർന്നുള്ള ഓരോ 5 വർഷത്തിലൊരിക്കലും 600 രൂപ വീതം. അടയ്ക്കേണ്ടത് റജിസ്ട്രേഷൻ പുതുക്കുമ്പോൾ.
• 10 വർഷം കഴിഞ്ഞ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ (4 ചക്രമോ അതിലേറെയോ): ഓരോ വർഷവും ഫിറ്റ്നസ് പുതുക്കുമ്പോൾ 200 രൂപ വീതം. 15 വർഷം കഴിഞ്ഞവയ്ക്ക് 300 രൂപ വീതം.
• 10 വർഷം കഴിഞ്ഞ മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾ: ഓരോ വർഷവും ഫിറ്റ്നസ് പുതുക്കുമ്പോൾ 300 രൂപ വീതം. 15 വർഷം കഴിഞ്ഞാൽ 450 രൂപ വീതം.
• 10 വർഷം കഴിഞ്ഞ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ: ഓരോ വർഷവും ഫിറ്റ്നസ് പുതുക്കുമ്പോൾ 400 രൂപ വീതം. 15 വർഷം കഴിഞ്ഞാൽ 600 രൂപ വീതം.
പുതിയ ഡീസൽ വാഹനങ്ങൾക്ക്
• ഓട്ടോറിക്ഷ: 500 രൂപ
• ലൈറ്റ് വാഹനങ്ങൾ: 1000 രൂപ
• മീഡിയം വാഹനങ്ങൾ: 1500 രൂപ
• ഹെവി വാഹനങ്ങൾ: 2000 രൂപ
*ലൈറ്റ് വാഹനങ്ങൾ: ഭാരം 7500 കിലോഗ്രാം വരെ. മീഡിയം: 7500 – 12,000 കിലോഗ്രാം. ഹെവി: 12,000 കിലോഗ്രാമിനു മുകളിൽ
വാഹന റജിസ്ട്രേഷനും ഫിറ്റ്നസിനും നാളെ മുതൽ വൻ വർധന (ബ്രാക്കറ്റിൽ ഇന്നത്തെ നിരക്ക്)
റജിസ്ട്രേഷൻ പുതുക്കാൻ
• 2 വീലർ: 1000 രൂപ (300)
• 3 വീലർ: 2,500 രൂപ (600)
• കാർ: 5,000 രൂപ (600)
• ഇറക്കുമതി 2 വീലർ: 10,000 രൂപ (2,500)
• ഇറക്കുമതി കാർ: 40,000 രൂപ (5,000)
• മറ്റു വാഹനങ്ങൾ: 6,000 രൂപ (3,000)
ഫിറ്റ്നസ് പരിശോധനയ്ക്ക്
• 3 വീലർ: 4,300 രൂപ (400)
• 2 വീലർ: 1,400 രൂപ (400)
• കാർ: 8,300 രൂപ (600)
• ഹെവി: 13,500 രൂപ (800)
ഭൂമിയുടെ ന്യായവിലയിൽ 10% വർധന വരുത്തി ഇന്ന് വിജ്ഞാപനം ഇറക്കും. നാളെ മുതൽ ഭൂമി ഇടപാടുകൾക്ക് ചെലവേറും.