കാസർകോട്: കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റ് നിർമിച്ച് സംസ്ഥാന സർക്കാരിനു കൈമാറിയ ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി ഇനിയെന്ത് എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തില്ല. കോവിഡ് ഒഴിഞ്ഞതോടെ വെറുതേ കിടക്കുന്ന ആശുപത്രി തുടർന്ന് ഉപയോഗപ്പെടുത്താൻ ഔദ്യോഗിക തലത്തിലും അല്ലാതെയും ഒട്ടേറെ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലെത്തിയിട്ട് ആഴ്ചകളായി. പക്ഷേ തീരുമാനം വൈകുകയാണ്.

ടാറ്റ കമ്പനിയുടെ സാമൂഹിക സേവന ഫണ്ടിൽ നിന്ന് 60 കോടി രൂപയും സംസ്ഥാന സർക്കാർ 5 കോടി രൂപയും മുടക്കിയാണ് ചട്ടഞ്ചാൽ തെക്കിലിൽ ടാറ്റാ കോവിഡ് ആശുപത്രി പൂർത്തിയാക്കിയത്. ഭൂമിയും റോഡും ഓക്സിജൻ പ്ലാന്റും വൈദ്യുതി സൗകര്യങ്ങളും ഉൾപ്പെടെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയാണ് കോവിഡ് അതിവ്യാപന കാലത്ത് ടാറ്റാ ആശുപത്രി നിലവിൽ വന്നത്. പക്ഷേ 540 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രി ഇപ്പോൾ അനാഥാവസ്ഥയിലാണ്.
ഒരാൾ മാത്രമാണ് ഇവിടെ നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് ഒഴിയുന്നതോടെ ഈ ആശുപത്രിയിൽ ഏതൊക്കെ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന വിവരങ്ങൾ എംഎൽഎയും ആരോഗ്യ വകുപ്പ് ജില്ലാ അധികൃതരും സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ട്. 6 മാസം കഴിഞ്ഞും ഇതിൽ തീരുമാനമായില്ല. ചെസ്റ്റ് സ്പെഷ്യൽറ്റി ആശുപത്രി, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, ഡയാലിസിസ് കേന്ദ്രം തുടങ്ങിയവ ആണ് സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ. അടുത്ത മാസം ആരോഗ്യ മന്ത്രി ജില്ല സന്ദർശിക്കുന്നതിനിടെ തീരുമാനമുണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.