ആലപ്പുഴ: യുവാവിന്റെ ചെവിയിൽ കുടുങ്ങിയ സ്റ്റീൽ റിങ് തകഴി അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മുറിച്ചുനീക്കി. ചമ്പക്കുളം സ്വദേശിയായ വൈശാഖ് വലതു ചെവിയിൽ കുടുങ്ങിയ സ്റ്റീൽ റിങ്ങുമായി ഇന്നലെ വൈകിട്ടാണ് ആശുപത്രിയിലെത്തിയത്.

കട്ടിയുള്ളതും ഭാരമുള്ളതുമായ റിങ് മുറിച്ചുനീക്കിയെങ്കിൽ മാത്രമേ ചികിത്സ നടത്താനാവുകയുള്ളൂവെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.തുടർന്ന് ഇഎൻടി വിഭാഗത്തിലെ ഡോ.വിദ്യാ അരവിന്ദ് തകഴി അഗ്നിരക്ഷാനിലയത്തിന്റെ സഹായം തേടുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ടി.എൻ.കുഞ്ഞുമോന്റെ നേതൃത്വത്തിൽ ജീവനക്കാരായ സി.അൻവിൻ, എച്ച്.അഭിലാഷ്, പി.മനോജ്, എം. സുമേഷ്, ജോസഫ് നിക്കോളാസ് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റിങ് മുറിച്ചു നീക്കുകയായിരുന്നു.