ഇടുക്കി: കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ട സൗമ്യ ഇന്ന് ജയിലില്‍. എന്നാല്‍ പിന്നിട് കൊലപാതക ശ്രമത്തില്‍ നിന്നു പിന്‍മാറി ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗമായിരുന്ന യുവതി ഭര്‍ത്താവിന്റെ വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്. മാസങ്ങല്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി 22 നാണ് കേസിന് ആസ്പദമായ സംഭവം. വണ്ടന്‍മേട് പുറ്റടിയ്ക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ പിടികൂടിയത്. എന്നാല്‍ പുകവലി പോലും ശീലമില്ലാത്ത സുനിലിന് അത് എന്താണ് എന്ന് പോലും അറിയില്ലായിരുന്നു. ഇതോടെ പോലീസ് വിശദമായ അന്വേഷണത്തിലാണ് സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുകയോ ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയത്.
പിന്നിട് നടന്ന അന്വേഷണത്തിലാണ് ഇത് സുനിലിനെ കുടുക്കാന്‍ ഭാര്യ സൗമ്യ തന്റെ കാമുകനുമായി ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു ഇത് എന്ന് പോലീസിന് മനസിലായത്. ആദ്യം ഇവര്‍ അപകടമുണ്ടാക്കിയോ സയനൈഡ് കൊടുത്തോ ഭര്‍ത്താവിനെ കൊല്ലാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിടിക്കപ്പെടുമോ എന്ന് ഭയന്നാണ് കൊലപാതക ശ്രമം ഉപേക്ഷിച്ച് മയക്കുമരുന്ന കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ഒരു വര്‍ഷം മാത്രം പരിചയമുള്ള കാമുകനുമായി ചേര്‍ന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎ, ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചത്. ഇതൊടൊപ്പം തന്നെ മയക്കു മരുന്ന് എത്തിച്ച് നല്‍കിയ രണ്ട് പേരും അറസ്റ്റിലായി.
കാമുകനും സൗമ്യയും എറണാകുളത്ത് മുറിയെടുത്ത് താമസിച്ച ശേഷമാണ് പദ്ധതി തയാറാക്കിയത്. തുടര്‍ന്ന് കാമുകന്‍ സൗമ്യയ്ക്ക് മയക്കു മരുന്ന് വാങ്ങി നല്‍കുകയായിരുന്നു. ശേഷം ഇയാള്‍ വിദേശത്തേക്ക് മടങ്ങി. ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം, സൗമ്യ ഫോട്ടോ എടുത്ത് കാമുകന് അയച്ച് നല്‍കി.
വിനോദ് മുഖേനയാണ്, വാഹനത്തില്‍ മയക്കുമരുന്ന് ഉള്ള വിവരം പൊലീസിലും മറ്റ് ഏജന്‍സികളിലും അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സൗമ്യ വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്നുമായി ഭര്‍ത്താവ് പിടിയിലായാല്‍ അതിന്റെ പേരില്‍ ബന്ധം വേര്‍പ്പെടുത്തി, കാമുകനുമായി ജീവിക്കാമല്ലോ എന്നായിരുന്നു സൗമ്യ ഇട്ട പദ്ധതി.