ദില്ലി: ഇന്ധനവില വർധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ ഡിസൂസ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല..

”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റ് ചെയ്തു.
Faced Modi Minister @smritiirani ji, enroute to Guwahati.
— Netta D'Souza (@dnetta) April 10, 2022
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people's misery ! 👇 pic.twitter.com/NbkW2LgxOL
വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് കോൺഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറഞ്ഞു. 16 ദിവസത്തിനുള്ളിൽ പെട്രോൾ വില ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വർധനയുണ്ടായിട്ടില്ല. ദില്ലിയിൽ ഒരു ലിറ്റർ പെട്രോൾ 105.41 രൂപക്കും ഡീസൽ ലിറ്ററിന് 96.67 രൂപക്കുമാണ് വിൽക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. യുഎസ്, യുകെ, കാനഡ, ജർമ്മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വർധനവെന്നും അദ്ദേഹം വ്യക്തമാക്കി
നീണ്ട ഇടവേളയ്ക്ക് ശേഷം അടിവെച്ച് അടിവെച്ച് ഉയരുകയാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.