ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് ആളുകളിൽ ആകാംഷയും അദ്ഭുതവും പരിഭ്രമവും ജനിപ്പിച്ചു. ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററിൽ നിഗൂഢവാദ സിദ്ധാന്തക്കാർക്കിടയിൽ ചർച്ചകൾക്കും ഇതു വഴിവച്ചു. ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ വാദിച്ചത്.
സിദ്ധാന്തങ്ങൾ ചൂടുപിടിക്കുന്നതിനിടെ സൂഷാനിലെ അധികൃതർ പ്രതിഭാസത്തിന്റെ ശാസ്ത്രീയ കാരണവുമായി രംഗത്തെത്തി. തുറമുഖത്തിനടുത്ത് പ്രകാശത്തിന്റെ അപവർത്തനം, ചിതറൽ എന്നീ പ്രതിഭാസങ്ങളാണ് ചുവന്നു തുടുത്ത വിചിത്ര ആകാശത്തിനു കാരണമായതെന്ന് അവർ പ്രസ്താവിച്ചു. കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്‌റോസോളുകളായി മാറുമെന്നും ഇവ മത്സ്യബന്ധന നൗകകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള പ്രകാശം വലിയ രീതിയിൽ അപവർത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നതെന്ന് അധികൃതർ കണ്ടെത്തി. ചൈനയുടെ ദേശീയ ടെലിവിഷൻ മാധ്യമമായ സിസിടിവി നിരവധി ശാസ്ത്രജ്ഞരും സമുദ്രമേഖലാ വിദഗ്ധരുമായി സംഭവത്തിൽ ചർച്ച നടത്തുകയും ഇതു തന്നെയാണു കാരണമെന്നു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
'Armageddon' Fear Spreads through Chinese City as sky turns Blood Red#China #Zhoushan #Zhejiang #Shanghai #Sky #RedSky #BloodSky #ViralVideo #Weather #Climate #Viral #ClimateChange #Armageddon pic.twitter.com/tnnGKAagMp
— Doregama Viral (@DoregamaViral) May 9, 2022
ചൈനയിലെ സമൂഹമാധ്യമങ്ങളിൽ സംഭവം തരംഗം സൃഷ്ടിച്ചു. ചൈനയിലെ പ്രബല സമൂഹമാധ്യമമായ വൈയ്‌ബോയിൽ ഇതിന്റെ വിഡിയോകൾക്ക് 15 കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചു. രക്തവർണാഭമായ ആകാശം മുൻപും പലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കലിഫോർണിയയിൽ കഴിഞ്ഞ വർഷം കാട്ടുതീ സംഭവിച്ച മേഖലകളിലെ ആകാശത്തും ഇതേ പോലെ വർണമാറ്റം സംഭവിച്ചിരുന്നു. കിഴക്കൻ ചൈനീസ് പ്രവിശ്യയായ സെയ്ജാങ്ങിൽ ഉൾപ്പെട്ട നഗരമാണ് സൂഷാൻ. ഒട്ടേറെ ദ്വീപുകൾ ഈ നഗരത്തിന്റെ ഭാഗമായുണ്ട്. ആറായിരം വർഷത്തിലധികമായി മനുഷ്യവാസമുണ്ടെന്നു കരുതപ്പെടുന്ന ഈ മേഖലയിൽ മധ്യകാലഘട്ടങ്ങളിൽ കടൽക്കൊള്ളക്കാരും രാജഭരണത്തെ എതിർത്ത വിമതരുമാണ് പാർത്തിരുന്നത്.