കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിനി മാതാപിതാക്കളുടെ കൺമുന്നിൽ കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. പവിത്രേശ്വരം കെഎൻഎംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നീലിമയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടർന്നുളള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.
സ്കൂൾ വാർഷിക ദിനമായതിനാൽ പത്താം ക്ലാസ് വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ നീലിമ ഇന്നും പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. എന്നാൽ സ്കൂളിലേക്ക് പോയില്ല. സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാർഥികൾ നിൽക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇവർ ഇക്കാര്യം സ്കൂളിലറിയിച്ചു.
ഇതോടെ അധ്യാപകരെത്തി വിദ്യാർഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് വിദ്യാർഥികളുടെ വീട്ടിൽ വിവരം അറിയിച്ചു. നീലിമയുടെ മാതാപിതാക്കൾ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്, കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.