തിരുവനന്തപുരം: സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണവ് കൃഷ്ണയ്ക്കെതിരെ തിരുവനന്തപുരം റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു. സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. ഒരു വർഷത്തോളമായി അന്വേഷണം നടത്തിവരികയായിരുന്നു.
ഇയാൾക്കെതിരേ പോലീസ്
ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സൗദിയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുകയായിരുന്ന പ്രണവ് കൃഷ്ണ അവധിക്ക് ഇന്ന് നാട്ടിലെത്തിയതായിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രണവ് കൃഷ്ണയെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. തുടർന്ന് പോലീസിനെവിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി.
ഇന്റർനെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് പ്രണവ് കൃഷ്ണ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീയെ ഒന്നര വർഷത്തോളമായി ഇത്തരത്തിൽ ശല്യം ചെയ്യുന്നുണ്ട്. അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.