ഇടുക്കി: ചന്ദനമരങ്ങൾ മോഷണം പോയ കേസിൽ വനംവകുപ്പ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക പൊലീസ് വനംവകുപ്പ് സംഘം. കുമളി റേഞ്ച് ഓഫിസർ എസ്.സുനിലാൽ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ പി.ഉദയഭാനു, സെക്‌ഷൻ ഓഫിസർ കെ.ജി.മുരളി, ഓഫിസർമാരായ ടി.എസ്.സുനിഷ്, എസ്. പ്രിയേഷ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ബാലൻപിള്ളസിറ്റി പല്ലാട്ട് രാഹുൽ, സഹോദരി രാഖിമോൾ എന്നിവരുടെ ഉടമസ്ഥയിലുള്ള ചന്ദനമരങ്ങളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്. ഏലച്ചെടികളുടെ ഇടയിൽനിന്നിരുന്ന 28 വർഷത്തിലേറെ പഴക്കമുള്ള ചന്ദനമരങ്ങളാണ് മോഷ്ടിച്ചത്.

കഴിഞ്ഞ 2 ദിവസമായി ഏലത്തോട്ടത്തിൽ ജോലികൾ ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ പുരയിടത്തിലേക്ക് ഇറങ്ങാനും കഴിഞ്ഞില്ല. വെള്ളിയാഴ്ച 10ന് ശേഷം പുരയിടത്തിലെത്തിയപ്പോഴാണ് ഏലച്ചെടികൾ ഒടിഞ്ഞുവീണന്നതു കണ്ടത്. പരിശോധിച്ചതോടെ മരങ്ങൾ വെട്ടിക്കടത്തിയെന്ന് മനസ്സിലായി. ചന്ദനമരങ്ങൾ വെട്ടിയിട്ടതോടെ ചുവടു ഭാഗത്തുനിന്നിരുന്ന ഏലച്ചെടികളും നശിച്ചു. 2 ദിവസങ്ങൾക്കൊണ്ടാണ് ഇത്രയുമധികം ചന്ദനമരങ്ങൾ വെട്ടിക്കടത്തിയതെന്നാണ് നിഗമനം. വലുപ്പമുള്ള ഭാഗമാണ് കൊണ്ടുപോയത്. ചെറിയ ശിഖരങ്ങൾ പുരയിടത്തിന്റെ പല ഭാഗത്തായി ഉപേക്ഷിച്ച നിലയിലാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും കല്ലാർ വനംവകുപ്പ് സെക്‌ഷൻ ഓഫിസിലും പരാതി നൽകി.
