കൊല്ലം: കൊട്ടിയം തഴുത്തലയിൽ കിണറു പണിക്കിടെ മണ്ണിനടിയിൽപ്പെട്ട മൊട്ടക്കുന്ന് സ്വദേശി സുധീറി(28)നായുള്ള രക്ഷപ്രവർത്തനം തുടരുന്നു. അറുപത് അടിയോളം ആഴം ഉള്ള കിണറിന്റെ അതേ ആഴത്തിൽ കുഴിച്ചെത്തി അതുവഴി മണ്ണു നീക്കി സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമാണ് തുടരുന്നത്.ഇന്നലെ ഉച്ചയോടെ കൊട്ടിയം ആദിച്ചനല്ലൂർ പഞ്ചായത്ത് തഴുത്തല രണ്ടാം വാർഡിലെ ഒരു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണർ ഇടഞ്ഞു വീണു സുധീർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.
ഇന്നലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇടയ്ക്ക് നിലച്ചിരുന്നു. ഇന്നു പുലർച്ചെ മൂന്നു മണിക്ക് വീണ്ടും ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ കിണറ്റിലേക്ക് ഇറങ്ങി സുധീറിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഇവരുടെ പുറത്തേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് അതിൽനിന്നു പിന്മാറി. 30 വർഷത്തിനു മുകളിൽ പഴക്കമുള്ള കിണറിൽ മുൻപും മണ്ണിടിഞ്ഞു വീഴുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതിനാൽ ഇതിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലാത്തതിനാലാണ് ഇപ്പോൾ സമാന്തരമായി കുഴി കുഴിച്ച് പ്രവർത്തനം തുടരുന്നത്.