കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. വിജയ് ബാബു ദുബായിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ തിരച്ചിൽ നടത്തുകയാണ്. ദുബായിലെ ഇയാളുടെ താമസസ്ഥലം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ സിറ്റി പൊലീസ് ഇൻറർപോളിന്റെ സഹായം തേടിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചു. പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർഥനയാണ് റെഡ് കോർണർ നോട്ടീസ്.
സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര്
വെളിപ്പെടുത്തിയിരുന്നു. ഇതിനും വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്.
ദുബായിലേക്ക് കടന്നു കളഞ്ഞ വിജയ് ബാബു ഇപ്പോൾ ഒളിവിലാണ്. വിജയ് ബാബുവിന് സിറ്റി പൊലീസ് ഇ-മെയിലിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ തയാറായില്ല. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.