തൃശ്ശൂർ: വിൽപനയ്ക്കായി കൊണ്ടുവന്ന നാലു ലക്ഷം രൂപയുടെ ചീഞ്ഞ മീൻ തൃശൂർ പേരാമംഗലത്ത് പിടികൂടി. മുള്ളൻ, ചൂര മീനുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. തൃശൂർ …കുന്നംകുളം റോഡിലൂടെ കടന്നുപോകുന്ന മീൻ വണ്ടിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽ അജ്ഞാത സന്ദേശം കിട്ടി. മീൻ വണ്ടി പേരാമംഗലം പൊലീസ് തടഞ്ഞുനിർത്തി. ജില്ലാ കലക്ടറെ വിവരമറിയിച്ചു. കലക്ടർ ഉടനെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോടും പെട്ടെന്നു സ്ഥലത്ത് എത്താൻ നിർദ്ദേശിച്ചു. 1800 കിലോ മീൻ ചീഞ്ഞ നിലയിലായിരുന്നു.

പാലക്കാട്ടും തൃശൂരിലും കുറച്ച് മീനുകൾ ഇറക്കിയതായി വണ്ടിക്കാരൻ പറഞ്ഞു. ഈ മീനുകളും ഉദ്യോഗസ്ഥർ പിടിച്ചു. പത്തു ദിവസം മുമ്പാണ് മംഗലാപുരത്തു നിന്ന് മീൻ വണ്ടി യാത്ര പുറപ്പെട്ടത്. പല ജില്ലകളിലും വിൽക്കാനായിരുന്നു പദ്ധതി. മീൻ വിൽപനക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ചീഞ്ഞ മീനുകൾ വളമാക്കുന്ന കമ്പനിയിൽ എത്തിച്ച് മീൻ നശിപ്പിച്ചു. ഐസിട്ട മീനുകൾ ഭൂരിഭാഗവും ചീഞ്ഞിരുന്നു. ഇത് വിപണിയിൽ എത്താതെ പിടികൂടിയതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞു. മീൻ വിൽപനക്കാർക്കെതിരെ നടപടി തുടരും.