
പാലാ: കഞ്ചാവ്-ഗുണ്ട സംഘത്തെ പിടികൂടാനെത്തിയ രാമപുരം എസ്.ഐക്ക് നേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തി. കേസിൽ ഇതിനകം നൂറിലധികം പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഓടിമറഞ്ഞ പ്രതി അമലിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രാമപുരം സി.ഐ കെ.എൻ രാജേഷാണ് അന്വേഷണ സംഘത്തലവൻ. കഞ്ചാവ് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരെയാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഇതോടൊപ്പം കഞ്ചാവ് മയക്ക് മരുന്ന് മാഫിയയെ തളക്കാൻ ‘ഓപറേഷൻ ഇടിമിന്നൽ’ പദ്ധതിയും സജീവമാക്കി. എസ്.ഐക്ക് നേരേ കുരുമുളക് വെള്ളം സ്പ്രേ ചെയ്തതിനുശേഷം സ്ഥലംവിട്ട അമൽ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ആദ്യം ചെന്നതെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. അമൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ സൈബർതലത്തിലെ അന്വേഷണം വഴിമുട്ടി.
ഒന്നാം പ്രതി അസിൻ, അമൽ, അഖിൽ, അലക്സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ചാവ് – മയക്കുമരുന്ന് വിൽപന, കൈമാറ്റം, ഉപയോഗം എന്നിവ ത സംബന്ധിച്ച് രാമപുരം ടൗൺ, വെള്ളിലാപ്പള്ളി, പിഴക്, മാനത്തൂർ, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, കിഴതിരി, ഇടക്കോലി, കുറിഞ്ഞി, ഐങ്കൊമ്പ്, പൂവക്കുളം മേഖലകളിലെ യുവാക്കളെയാണ് ചോദ്യംചെയ്തത്. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഏറെയും യുവാക്കളും വിദ്യാർഥികളുമാണെന്ന് കൃത്യമായ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതോടൊപ്പം കഞ്ചാവ് – മയക്കുമരുന്ന് മാഫിയയിൽപെട്ട ചിലർ ഉൾപ്പെട്ട പഴയ കേസുകളെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നു.