പാലക്കാട്: പാലക്കാട് പന്നിയങ്കരയിൽ ഇന്ന് ടോൾ നൽകാതെ സ്വകാര്യ ബസ്സുകൾ കടന്നുപോകുമെന്ന് സംയുക്ത സമര സമിതി. ടോൾ നൽകാതെ ബാരിക്കേഡുകൾ ബലമായി മാറ്റി ബസ്സുകൾ കടത്തിവിടാനാണ് തീരുമാനം. ഒരു മാസത്തോളമായി നടത്തിവരുന്ന പണിമുടക്കിലും ടോൾ നിരക്കിൽ തീരുമാനമാകാത്തതിനാലാണ് പുതിയ സമരമുറയിലേക്ക് സ്വകാര്യ ബസുകൾ കടക്കുന്നത്. രാവിലെ 9 മണിക്ക് ആലത്തൂർ എംപി രമ്യ ഹരിദാസ്, തരൂർ എംഎൽഎ പി പി സുമോദ് എന്നിവരുടെ നേതൃത്വത്തിലാവും സമരമെന്ന് ബസുടമകൾ അറിയിച്ചു.

ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകൾ നൽകേണ്ടത്. ഇത് വളരെക്കൂടുതലാണെന്നും നിരക്കിൽ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവർ നൽകേണ്ടത്. കഴിഞ്ഞ മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.