തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നാട്ടുകാര്‍ക്കുനേരെ നടത്തിയ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട സനൽ സാബുവിന്റെ ദാരുണാന്ത്യം ഒരു കുടുംബത്തെ അനാഥമാക്കി. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തിനാലുകാരനായ സനൽ. കഴിഞ്ഞ മേയിൽ ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദരപുത്രനാണ് കൊല്ലപ്പെട്ട സനല്‍. പോസ്റ്റുമോർട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിയേറ്റ് ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സാര തർക്കമാണ് നാടിനെ നടുക്കിയ കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടിൽ എത്തിയത്.
മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തിന്റെ പേരിൽ ഫിലിപ്പ് ബഹളമുണ്ടാക്കി. തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാര്‍ട്ടിന്‍ തോക്കുമായി തിരിച്ചെത്തി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു തവണയിൽ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു.
ഇവിടെനിന്നു പോയ പ്രതി ഹൈസ്കൂൾ ജംക്‌ഷനിലെത്തിയപ്പോൾ സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2014ൽ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിർമിച്ചതാണെന്നാണ് വിവരം.