ആലപ്പുഴ: കുന്നുംപുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരുമാണ് മരിച്ചത്.
ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തില്‍ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെനീസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസറായ റെനീസ് ഇന്നലെ രാത്രി ജോലിക്ക് പോയപ്പോഴാണ് സംഭവം. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പൊലീസിനോട് പറഞ്ഞു. റെനീസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടില്‍ നിന്ന് പോകുമ്ബോള്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നായിരുന്നു റെനീസിന്റെ മൊഴിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് അയല്‍ക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.