കൽപറ്റ: നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. തെരുവുനായ മറ്റു നായകളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. നായയ്ക്ക് പേവിഷ ബാധയുള്ളതിനാൽ മറ്റു നായകൾക്കും പേ വരാനുള്ള സാധ്യതയുള്ളതിനാൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകും. കടിയേറ്റവർക്ക് ഐഡിആർവി, ഇർഗ് എന്നീ പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൽപറ്റ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കൽപറ്റയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമില്ലെന്ന് ആരോപണമുയരുന്നുണ്ട്. നഗരം നീളെ തെരുവുനായകൾ നിരന്നുകിടക്കുമ്പോഴും തെരുവുനായ ശല്യത്തിന് പരിഹാരം കാണാനുള്ള പദ്ധതിയൊന്നും നഗരസഭ ആവിഷ്കരിച്ചിട്ടില്ല.
ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിലാണ് കൽപറ്റയിൽ തെരുവുനായശല്യം വർധിക്കുന്നത്. മുൻപും കൽപറ്റ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായ ശല്യം ഒഴിവാക്കാൻ കൽപറ്റ നഗരസഭ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.