ചാല: ബൈപാസിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിന് തീപിടിച്ചു. ചാല അമ്പലം സ്റ്റോപ്പിന് സമീപത്ത് ഇന്നലെ പുലർച്ചെ 4.30 നാണ് സംഭവം. ബെല്ലാരിയിൽ നിന്ന് സിമന്റുമായി വന്ന ലോറിയുടെ പിന്നിലെ ടയറിന്റെ ഭാഗത്തു നിന്നാണ് തീ ഉയർന്നത്. ലോറിക്ക് മുകളിലേക്ക് തീ പടരുന്നത് കണ്ട പരിസരവാസികൾ അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചു.
കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു.തീ ഉയർന്ന് കത്തുമ്പോൾ പാചക വാതക ടാങ്കറുകൾ അടക്കമുള്ള ലോറികൾ സ്ഥലത്തെത്തിയത് പരിഭ്രാന്തി ഉണ്ടാക്കി. 2012 ൽ ചാലയിൽ പാചക വാതക ടാങ്കർ ലോറി പൊട്ടിത്തെറിച്ചതിന് സമീപത്താണ് ലോറി കത്തിയത്.

ഓടിക്കൂടിയ നാട്ടുകാർ ടാങ്കർ ലോറി ഡ്രൈവർമാരോട് മാറി പോകാൻ ആവശ്യപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദിവസങ്ങൾക്ക് മുൻപ് എടക്കാട് ബൈപ്പാസിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുൻഭാഗം കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണു കാരണമായി കണ്ടെത്തിയത്.