പെരുമ്പാവൂർ: സർക്കാരിനെ വിശ്വസിച്ചു വീട് പൊളിച്ച വയോധിക ദമ്പതികളും മകനും കഴിയുന്നത് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിൽ. കൂവപ്പടി പഞ്ചായത്ത് ചെട്ടിനട അമ്പലത്തിനു സമീപം കൊടയ്ക്കാക്കുടി നാരായണനും ഭാര്യ തങ്കമ്മയും മകനുമാണ് ദുരിത ജീവിതം നയിക്കുന്നത്.വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ വീട് പൊളിച്ചത്. എന്നാൽ സാങ്കേതിക കുരുക്കു മൂലം ഇവർക്കു വീട് ലഭിക്കുന്നത് വൈകുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് മിഷൻ പദ്ധതികളിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിരുന്നു.

അപേക്ഷകളുടെ എണ്ണം കൂടിയപ്പോൾ സർക്കാർ സൂക്ഷ്മ പരിശോധനയ്ക്കു നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പദ്ധതികളിൽ പേര് ഉൾപ്പെട്ടതിനാൽ ലൈഫ് മിഷനിൽ നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പിഎംഎവൈ പദ്ധതിയിൽ പേരുണ്ട്.വീട് ലഭിക്കാൻ താമസമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. ഇവരെ പോലെ ഒട്ടേറെ പേർക്ക് വീട് ലഭിക്കാനുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.