കോട്ടയം: റെയിൽവേ പാതയിരട്ടിപ്പിക്കൽ നടക്കുന്ന റബർ ബോർഡ് രണ്ടാം തുരങ്കത്തിനു സമീപം കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് പാതയിലേക്ക് വീണു. പുതിയ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയിട്ടില്ലാത്തതിനാൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചില്ല. ഇന്നലെ പുലർച്ചെയാണ് സംഭവം. പാളം സ്ഥാപിക്കുന്ന ജോലികൾ നടക്കുന്ന സ്ഥലത്തേക്കാണു സംരക്ഷണ ഭിത്തിയും ടൺകണക്കിനു മണ്ണും പതിച്ചത്.
പകൽ ജോലികൾ നടത്തുന്ന സമയത്ത് ആയിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു. സബ് ജയിൽ ഭാഗത്തുനിന്നു റെയിൽവേ സ്റ്റേഷൻ, ഗുഡ്സ് ഷെഡ് എന്നിവിടങ്ങളിലേക്കു പോകുന്ന റോഡിന്റെ അരികാണ് മേൽപാലത്തോടു ചേർന്ന് ഇടിഞ്ഞത്. മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് ഈ റോഡിലൂടെയുളള ഗതാഗതവും തടഞ്ഞു. റോഡിന്റെ മുകൾ ഭാഗം പൊളിച്ചു നീക്കിയിട്ടുണ്ട്. ജോലികൾക്കു ശേഷം റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.
ആഴ്ചകൾക്ക് മുൻപ് നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തി അടക്കം ടൺ കണക്കിനു മണ്ണാണ് പുതിയ പാതയിലേക്ക് വീണത്. വെട്ടുകല്ല് നിറഞ്ഞ ഭാഗമാണ് അടർന്നു വീണത്. 50 മീറ്റർ ഉയരത്തിൽ നിന്നാണ് മണ്ണ് താഴേക്ക് പതിച്ചത്. 9 മീറ്റർ ഉയരത്തിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തിയാണ് മണ്ണിനൊപ്പം പാതയിലേക്ക് വീണു.9 മീറ്റർ ഉയരത്തിൽ 24 മീറ്റർ നീളത്തിൽ കോൺക്രീറ്റ് തകർന്നു.
പാതയുടെ സംരക്ഷണ ഭിത്തിക്ക് മുകളിൽ വരുന്ന ഉയരം കൂടിയ ഭാഗത്ത് തട്ടുകളാക്കി മണ്ണ് നീക്കിയാണ് മണ്ണിടിച്ചിൽ തടയുന്നത്. ഇന്നലെ വൈകിട്ടോടെ മണ്ണ് പൂർണമായും നീക്കം ചെയ്തു. ഒപ്പം മണ്ണ് ഇടിഞ്ഞ ഭാഗം സുരക്ഷിതമാക്കുന്നതിനു റെയിൽവേ സ്റ്റേഷൻ റോഡരികിൽ നിന്നു മണ്ണു നീക്കി തട്ടുകളാക്കുന്ന ജോലിയും ആരംഭിച്ചു. ഇന്നു രാവിലെ മുതൽ അപകടം ഉണ്ടായ ഭാഗത്ത് പുതിയ സംരക്ഷണ ഭിത്തി നിർമാണം ആരംഭിക്കുമെന്നും നിശ്ചയിച്ച സമയത്തുതന്നെ ജോലികൾ പൂർത്തിയാക്കി കൈമാറുമെന്നു കരാറുകാരും അറിയിച്ചു.