തൃശ്ശൂർ: ജില്ലയിൽ പലയിടങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലുമായി കുമ്മായംകൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എൽ’ പോലെ ചെറിയ കോൺ വരച്ചുവെച്ചിരിക്കുന്നതുകണ്ട് അവിടത്തുകാർ പരിഭ്രാന്തരായി.
കെ-റെയിലിനുള്ള കല്ലിടലിന്റെ കാലമായതിനാൽ അതിന്റെ ഭാഗമായുള്ള
അടയാളപ്പെടുത്തലാണോയെന്നാ ആശങ്ക. ഇതെന്താണെന്ന് ചോദിച്ച് റവന്യൂവകുപ്പിലേക്കും പൊതുമരാമത്തുവകുപ്പിലേക്കും വിളികളുടെ പൂരമാണ്. കോർപറേഷൻ
ഓഫീസിലേക്കും വിളികളെത്തുന്നുണ്ട്. ആർക്കും വ്യക്തമായി പറയാനാകുന്നില്ല.
മിക്കവരും കാര്യം അറിഞ്ഞിട്ടുപോലുമില്ല. ഉത്തരം കിട്ടാതായപ്പോൾ ചോദ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലുമിട്ടു. റോഡിൽ ‘എൽ’ പോലെ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഫോട്ടോയെടുത്ത്, ഈ രേഖപ്പെടുത്തൽ എന്താണെന്ന് അറിയാമോ, എന്തിനാണെന്ന് അറിയാമോ എന്നാണ് ചോദ്യം. അവിടെയും കിട്ടുന്നത് വ്യക്തതയില്ലാത്ത ഉത്തരം. കെ റെയിലിന്റെകുറ്റിയിടലിനായുള്ളതാണെന്ന കമന്റുകൾ വരുന്നിടത്ത് ചീത്തവിളികളും ഉണ്ടാകുന്നുണ്ട്.
ഭൂമി റീസർവേയുടെ ഭാഗമായുള്ള മാർക്കിങ്ങാണിതെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ ഡ്രോൺ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ഡ്രോണിലൂടെ മേഖല അടയാളപ്പെടുത്താനായി മാർക്ക് ചെയ്തതാണ് കുമ്മായത്തിൽ വരച്ച ‘എൽ’ രൂപം.