കോഴിക്കോട്: സിൽവർലൈൻ പാതയുമായി ബന്ധപ്പെട്ടു ജില്ലയിലെ തുരങ്കപ്പാതയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് കെ റെയിൽ. സിൽവർലൈനിന്റെ ഏക ഭൂഗർഭ സ്റ്റേഷനും ഏറ്റവും വലിയ തുരങ്കപ്പാതയും കടന്നു പോകുന്ന കോഴിക്കോട് മീഞ്ചന്ത വെസ്റ്റ് ഹിൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയോടെയാണു കഴിയുന്നത്. നിർദിഷ്ട പദ്ധതിപ്രദേശത്തെ നിലവിലുള്ള കെട്ടിടങ്ങളും വീടുകളും സംബന്ധിച്ചു കൃതമായ വിശദീകരണമില്ലെന്നു പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് കെ റെയിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്.

ഭൂനിരപ്പിൽ നിന്ന് 20 മീറ്റർ താഴെയാണു ടണൽ നിർമിക്കുന്നത്. തിരൂരിൽ നിന്നുള്ള ലൈൻ മീഞ്ചന്ത പാലം വരെ നിലവിലെ ട്രാക്കിന്റെ അതേ നിരപ്പിലാണ്. തുടർന്ന് പാലത്തിനു ശേഷം താഴേക്ക് ഇറങ്ങിത്തുടങ്ങും. കല്ലായി മുതൽ വെള്ളയിൽ വരെ പൂർണമായും തുരങ്കപ്പാത. വെള്ളയിൽ കഴിഞ്ഞാൽ തുരങ്കപ്പാത അവസാനിച്ചു വീണ്ടും ട്രാക്ക് മുകളിലേക്കു പൊങ്ങാൻ തുടങ്ങും. വെസ്റ്റ് ഹിൽ എത്തുമ്പോൾ വീണ്ടും നിലവിലെ റെയിൽവേ ട്രാക്കിനു സമാന്തരമാകും.
തുരങ്കത്തിനു മുകളിൽ വരുന്ന സ്ഥലങ്ങൾ ഏറ്റെടുക്കില്ല. പക്ഷേ, ട്രെയിൻ തുരങ്കത്തിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യേണ്ട റാംപ് പാത വരുന്ന സ്ഥലങ്ങളിൽ (മീഞ്ചന്ത-കല്ലായി, വെള്ളയിൽ വെസ്റ്റ്ഹിൽ) ഭൂമി ഏറ്റെടുക്കേണ്ടി വരും. സാഹചര്യങ്ങൾക്ക് അനുസരിച്ച് ചിലപ്പോൾ ഇതിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വന്നേക്കാം. നിലവിലുള്ള റെയിൽവേ ഉത്തരവുകൾ പ്രകാരം തുരങ്കത്തിനു മുകളിലുള്ള സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്നാണു പറയുന്നത്.
ഭൂമി ഏറ്റെടുക്കുന്നില്ലെങ്കിലും തുരങ്കത്തിനു മുകളിൽ നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണമുണ്ടാകും. എല്ലാ തരം നിർമാണ പ്രവർത്തനങ്ങളും അനുവദിക്കില്ല. അനുവദിക്കുന്ന നിർമാണങ്ങൾ മണ്ണിന്റെ ഘടന, ഭൂപ്രകൃതി എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ആഴത്തിൽ പൈലിങ് ആവശ്യമുള്ള കെട്ടിട സമുച്ചയങ്ങൾ തുരങ്കത്തിനു തകരാറുണ്ടാക്കും. അതിനാൽ അനുവദിക്കില്ല. ചെറിയ കെട്ടിടങ്ങളാണെങ്കിലും ഡിസൈൻ, പ്രദേശത്തിന്റെ സ്വഭാവം എന്നിവ പരിഗണിച്ചേ അനുമതി നൽകൂ.
തുരങ്കപ്പാത നിർമിക്കുന്നതിനു മുൻപു തന്നെ പ്രദേശത്തു നിലവിലുള്ള കെട്ടിടങ്ങൾ സംബന്ധിച്ചു വിശദമായ സർവേ നടത്തും. നിലവിലുള്ള കെട്ടിടങ്ങൾക്കു കേടുപാടുണ്ടാക്കാതെയാകും നിർമാണം. നിലവിലെ പാർപ്പിട സമുച്ചയങ്ങൾക്കോ കെട്ടിടങ്ങൾക്കോ കേടുവരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. നിലവിലെ കെട്ടിടങ്ങൾക്കു വൻകിട മാറ്റങ്ങളല്ലാത്ത, ചെറിയ അറ്റകുറ്റപ്പണികളെല്ലാം നടത്താം.വൻകിട കെട്ടിടസമുച്ചയങ്ങളുടെ ആഴത്തിലുള്ള പൈലിങ് തുരങ്കപ്പാതയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള തടസ്സമുണ്ടാക്കുമെന്നു തോന്നിയാൽ ഏറ്റെടുക്കേണ്ടി വരും.