കൊച്ചി: 2018 മാര്‍ച്ച് 22ന് കാണാതായ ജെസ്‌ന മരിയ ജെയിംസ് സിറിയയിലേക്ക് കടന്നെന്ന് സംശയം. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് സിബിഐ ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന.

ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്ന എരുമേലി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എരുമേലി ബസ് സ്റ്റാന്‍ഡില്‍ മിന്നലില്‍ തകര്‍ന്ന സിസിടിവിയില്‍ നിന്ന് റിക്കവര്‍ ചെയ്തെടുത്ത ദൃശ്യങ്ങളാണ് അത്. ഭാരമേറിയ ഷോള്‍ഡര്‍ ബാഗും തൂക്കി ജെസ്നയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി നടക്കുന്നതും തൊട്ടുപിന്നാലെ രണ്ട് യുവാക്കള്‍ ഫോളോ ചെയ്യുന്നതുമാണ് ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത്.
വീട് വിട്ടിറങ്ങിയ ജെസ്‌നയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച മതതീവ്രവാദ പ്രസ്ഥാനത്തിലെ അംഗങ്ങളെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് ഓട്ടോയില്‍ കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിന് സമീപം ജെസ്‌ന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ഇവിടെനിന്ന് സ്വകാര്യ ബസില്‍ കയറി. ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറി ജെസ്‌ന എരുമേലിയിലെത്തി.
അന്ന് ബസില്‍ യാത്ര ചെയ്ത രണ്ട് പേരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇവര്‍ക്ക് ജെസ്‌നയുടെ തിരോധാനത്തില്‍ മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എരുമേലി കേന്ദ്രീകരിച്ച് ജെസ്‌നയെ കടത്തിക്കൊണ്ടുപോകാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നും സിബിഐ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജെസ്‌ന സ്വന്തം താത്പര്യപ്രകാരമാണ് വിദേശത്തേക്ക് കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അത് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.
വിമാന ടിക്കറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ജെസ്‌ന വിദേശത്തേക്ക് കടന്നെന്ന കാര്യം സിബിഐ സ്ഥിരീകരിച്ചിരിക്കുന്നത്. തുര്‍ക്കി, സിറിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നില്‍ ജെസ്നയുണ്ടെന്ന് തന്നെയാണ് അന്വേഷണ ഏജന്‍സികള്‍ ആദ്യം മുതല്‍ ഉറപ്പിച്ചിരുന്നത്. ജെസ്‌നയുടെ കാര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായവും സിബിഐ തേടിയിട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് ജെസ്നയുടെ സഹോദരന്റെ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയില്‍ കേസന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചിരുന്നതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്ഐആര്‍ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിലും ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചനകളാണ് സിബിഐ നല്‍കിയത്.
അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടശേഷമാണ് സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്നലെ കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണു മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറിയത്.