ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു.
വ്യോമ സേനയിലെ ജവാനായ ഉത്തര്‍ പ്രദേശ് സ്വദേശി ദേവേന്ദ്ര ശര്‍മ്മയാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിക്ക് ഇന്ത്യന്‍ വ്യോമസേനയുടെ റഡാര്‍ സംവിധാനങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും സംബന്ധിച്ച വിവരങ്ങള്‍ ദേവേന്ദ്ര ശര്‍മ്മ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ ശര്‍മ്മയെ ഹണി ട്രാപ്പില്‍ കുടുക്കിയതായി കരുതപ്പെടുന്നു. ശര്‍മ്മയുടെ ഭാര്യയുടെ പേരിലെ ബാങ്ക് അക്കൗണ്ട് വഴി സംശയാസ്പദമായ ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശര്‍മ്മയുടെ ഫെയ്‌സ്ബുക്ക് സുഹൃത്ത് ഇന്ത്യന്‍ സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. ഇതിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ദേവേന്ദ്ര ശര്‍മ്മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.