തിരുപ്പതി: പരീക്ഷ എഴുതാനെത്തിയ 17കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുപ്പതി ജില്ലയിലെ ഗുഡൂര്‍ ടൗൺ ശ്രീ സ്വര്‍ണന്ദ്ര ഭാരതി ജൂനിയര്‍ കോളേജിലെ പ്ലസ് ടു വിദ്യാർഥിയായ സതീഷാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ബോർഡ് എക്സാം എഴുതാനെത്തിയപ്പോഴാണ് ദാരുണ സംഭവം.
സിദാപുരം സ്വദേശിയായ യെകൊള്ളു വെങ്കട സതീഷ് എന്ന വിദ്യാർഥിയാണ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചതെന്ന് ഗുഡൂർ റൂറൽ പോലീസ് പറഞ്ഞു. സ്വർണന്ദ്ര ഭാരതി ജൂനിയർ കോളേജ് വിദ്യാർഥിയായ 17കാരൻ ഡിആർഡബ്ല്യു കോളേജിലായിരുന്നു പരീക്ഷയെഴുതിയിരുന്നത്. ഇംഗ്ലീഷ് പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് സംഭവമെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പരീക്ഷ എഴുതുന്നതിനായി രാവിലെ 7.30 ഓടെ തന്നെ വിദ്യാർഥികൾ ഹാളിലേക്ക് എത്തിയിരുന്നു. ഇവർ അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പോലീസ് പരിശോധന നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സതീഷ് ഉദ്യോഗസ്ഥനോട് പറഞ്ഞു. തുടർന്ന് കുറച്ച് നേരം വിശ്രമിക്കാൻ പോലീസ് കോൺസ്റ്റബിൾ ആവശ്യപ്പെട്ടു.
ഇതിനിടയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ട സതീഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനോട് ഇക്കാര്യം പറഞ്ഞു. ഉടൻ തന്നെ വിദ്യാർഥിയെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ ഗുഡുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.