തിരുവനന്തപുരം: ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതനുസരിച്ചാണ് ഗുജറാത്തിലെ ഡാഷ്ബോർഡ് സംവിധാനത്തെക്കുറിച്ചു കേരളം പഠിക്കുന്നതെന്നു ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ കത്ത്.

സന്ദർശന വിവരം അറിയിച്ച് കഴിഞ്ഞ 20നു ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഗുജറാത്തിലെ ഡാഷ്ബോർഡ് സംവിധാനം മികച്ചതാണെന്നു പിണറായിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന തന്നോട് ഗുജറാത്തിൽ പോയി ഈ സംവിധാനത്തെക്കുറിച്ചു പഠിക്കാനും നിർദേശിച്ചു.

അതിനിടെ, ഗുജറാത്തിലെ സിഎം ഡാഷ്ബോർഡ് ഏറെ കാര്യക്ഷമമാണെന്ന് അവിടെയെത്തി വിലയിരുത്തിയശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. പദ്ധതി പുരോഗതിയും ഉദ്യോഗസ്ഥ സേവനവും കൃത്യമായി വിലയിരുത്താനാകുമെന്നും ചൂണ്ടിക്കാട്ടി.