വെള്ളരിക്കുണ്ട്: നീളത്തിൽ വമ്പനായ പടവലം മലയോരത്ത്
കൗതുകക്കാഴ്ചയാകുന്നു. കാസർകോട് ജില്ലയിലെ മികച്ച വനിതാ കർഷക പുരസ്കാര ജേതാവായ
പാത്തിക്കരയിലെ ഡോളി ജോസഫിന്റെ കൃഷിയിടത്തിലാണ് നിലം മുട്ടെ പടവലം വളർന്നുകൊണ്ടിരിക്കുന്നത്. 267 സെന്റിമീറ്റർ നീളമാണ് ഇപ്പോൾ പടവലത്തിന്റെ നീളം.

നിലവിലെ ഗിന്നസ് റെക്കോഡ് 263 സെന്റീമീറ്ററാണ്. മുഴുവൻ വളർച്ചയെത്തും മുൻപേ ഡോളിയുടെ കൃഷിയിടത്തിൽ വിളഞ്ഞ പടവലം നിലവിലെ ഗിന്നസ് റെക്കോഡ് ഭേദിച്ചു കഴിഞ്ഞു. കഴിഞ്ഞ ആറുവർഷമായി ചെറിയ പടവലം, ഇടത്തരം, വലുത് എന്നിങ്ങനെ പടവലം കൃഷിചെയ്യാറുണ്ട്.
നാഗപടവലത്തിന്റെ വിത്താണ് ഇക്കുറി നീളത്തിൽ വമ്പനായ പടവലമായി മാറിയത്. ജൈവവളം മാത്രമാണ് ഡോളി ഉപയോഗിച്ചത്. ഡോളിക്ക് കൃഷി ജീവിതം തന്നെയാണ്. കഴിഞ്ഞ 32 വർഷമായി ജീവിതത്തിലെ സർവ സന്തോഷവും കണ്ടെത്തുന്ന ഉപാധിയാണ് ഡോളിയെന്ന 61-കാരി വീട്ടമ്മയ്ക്ക് കൃഷി.
ഭർത്താവിന്റെ മരണത്തോടെയാണ് ഡാേളി കൃഷിയിലേക്ക് ഇറങ്ങിയത്. ഇന്ന്
ഡോളിയുടെ ആറേക്കറിൽ വിളയാത്തതായി ഒന്നുമില്ല. പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ തുടങ്ങി റബ്ബറും കുരുമുളകും കവുങ്ങും
തെങ്ങുമെല്ലാം ഇവിടെയുണ്ട്. നെല്ലും കിഴങ്ങുവർഗങ്ങളും തുടങ്ങി ഇടവിളകൃഷി വേറെയും.
സംസ്ഥാന കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ സംസ്ഥാന തല പുരസ്ക്കാരം ഉൾപ്പടെ കൃഷിയിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ വീട്ടമ്മയാണ് തടത്തിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫ്. അൻപത്തിഒമ്പതാം വയസിലും കൃഷിയിടത്തിടത്തിൽ കർമ്മനിരതയാണ് ഈ വീട്ടമ്മ.