തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞുള്ള പ്രതിഷേധങ്ങൾ നേരിടാൻ നിയമനടപടിക്ക് സർക്കാർ. സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കലിനെതിരായ നിയമപ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. ഇതുപ്രകാരം കേസെടുത്തു സമരക്കാരെ അറസ്റ്റ് ചെയ്യാനാണു നീക്കം. അറസ്റ്റിലാകുന്നവർ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിനു തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.
സ്ഥാപിച്ച കല്ലുകൾ പിഴുതു മാറ്റിയിട്ടുണ്ടെകിൽ കെ–റെയിൽ, അക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനു നോട്ടിസ് നൽകും. അതു പ്രകാരമാകും പൊലീസ് കേസെടുക്കുക. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു പ്രത്യേകം കേസെടുക്കും. ഇപ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താനാണ് ആലോചന.
അതിരടയാളക്കല്ലുകൾ പിഴുതെറിഞ്ഞുള്ള പ്രക്ഷോഭം സർക്കാരിനു തലവേദനയായ പശ്ചാത്തലത്തിലാണു കടുത്ത നടപടികൾ. പ്രതിഷേധം കാരണം പദ്ധതിയുടെ സാമൂഹികാഘാത പഠനം നീളുകയാണ്. സിൽവർലൈനിന്റെ അതിരു നിർണയിച്ചാലേ അതിൽനിന്ന് എത്രമാത്രം അകലത്തിലുള്ളവരെ പദ്ധതി ബാധിക്കുമെന്ന സാമൂഹികാഘാത പഠനം നടത്താൻ പറ്റൂ. ഈ പഠനം പൂർത്തിയാക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല എന്നാണ് സർക്കാർ പറയുന്നത്
എന്നാൽ സിൽവർലൈൻ അടയാളക്കല്ലുകൾ പിഴുതെറിയുന്ന സമരം കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സമരത്തിന്റെ അവസാന മാർഗമാണ് കല്ലു പിഴുതെറിയൽ എന്നു കോൺഗ്രസ് പറഞ്ഞിരുന്നു. ഞങ്ങൾ പറയാതെ തന്നെ കേരളത്തിലെ ജനസമൂഹം അതേറ്റെടുത്തു. കേരളമാകെ ഈ പിഴുതെറിയൽ നടക്കുകയാണ്. ഈ സമരമുഖത്തേക്കു കടന്നുവരാൻ കെപിസിസി ഇന്ന് ഔപചാരിക ആഹ്വാനം നടത്തും – സുധാകരൻ പറഞ്ഞു.
ആകെ 530 കിലോമീറ്ററാണ് സിൽവർലൈൻ ദൂരം. ഇതിൽ 182 കിലോമീറ്റർ ദൂരത്തിൽ 6083 കല്ലുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്. റവന്യു വകുപ്പിനാണു കല്ലിടലിന്റെ ചുമതല. സംരക്ഷണം പൊലീസ് നൽകും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണു സാമൂഹികാഘാത പഠനം നടത്തുക.