നെടുങ്കണ്ടം: ഫിഷറീസ് വകുപ്പിന്റെയും ഉടുമ്പൻചോല താലൂക്ക് ഭക്ഷ്യസുരക്ഷ ഓഫിസിന്റെയും നേതൃത്വത്തിൽ മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന. 6 സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ 25 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലറ്റിക്കൽ ലാബിലേക്ക് അയച്ചു. മീൻ കഴിച്ച വിദ്യാർഥികൾക്ക് വയറുവേദന അനുഭവപ്പെടുകയും പച്ചമീൻ അവശിഷ്ടം കഴിച്ച പൂച്ചകൾ ചാവുകയും ചെയ്ത സാഹചര്യത്തിലാണ് ഓപറേഷൻ സാഗർ റാണിയെന്ന പേരിൽ റെയ്ഡ് നടത്തിയത്. ജില്ലാ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ബി.നൗഷാദ്, താലൂക്ക് ഭക്ഷ്യസുരക്ഷ ഓഫിസർ ആൻ മേരി, ഉദ്യോഗസ്ഥരായ കെ.കെ.ബിനു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

നെടുങ്കണ്ടം, മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. തൂക്കുപാലം, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിൽ നിന്നു പിടിച്ചെടുത്ത 25 കിലോ പഴകിയ മീൻ നശിപ്പിച്ചു. പഴകിയ മത്സ്യം സൂക്ഷിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിക്ക് നോട്ടിസ് നൽകി. പിഴ ഈടാക്കാനുള്ള നടപടിയും ആരംഭിച്ചു.
പച്ചമീൻ അവശിഷ്ടം കഴിച്ച വളർത്ത് പൂച്ചകൾ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയതിനെക്കുറിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പൂച്ചകൾ ചത്തതോടെ തൂക്കുപാലം സ്വദേശി എസ്.സന്തോഷ്കുമാർ ആരോഗ്യവകുപ്പിന് പരാതി നൽകിയതിനെത്തുടർന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി.കെ.പ്രശാന്ത് അന്വേഷണം നടത്തി ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. ആരോഗ്യവകുപ്പ് ഫുഡ് സേഫ്റ്റി ഓഫിസർക്ക് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് പരിശോധന.
തൂക്കുപാലത്തെ മത്സ്യവിൽപന കേന്ദ്രങ്ങളിൽ നിന്നു വാങ്ങിയ അയല ഉൾപ്പടെയുള്ള പച്ചമീനിന്റെ അവശിഷ്ടങ്ങൾ നൽകിയപ്പോഴാണ് പൂച്ച ചത്തതെന്നാണ് പരാതി. അന്വേഷണത്തിൽ പ്രദേശത്തെ അനേകം വീടുകളിൽ സമാന സാഹചര്യമുണ്ടായെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. മത്സ്യം പാചകം ചെയ്ത് കഴിച്ചതിനു പിന്നാലെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെ പേർ പട്ടം കോളനി ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. സംഭവത്തിൽ കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി സാംപിൾ ശേഖരിച്ചു. മീൻ കേടാകാതിരിക്കാൻ മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.