കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ (16)യാണ് ഭക്ഷ്യവിഷബാധയെതുടർന്ന് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടക്കത്തിൽ ഭക്ഷ്യവിഷബാധ കാരണം 16 പേരാണ് ചികിത്സ തേടിയതെങ്കിലും രോഗികളുടെ സംഖ്യ 31 ആയി ഉയരുകയായിരുന്നു.
ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം വിവാദമായതിനെത്തുടർന്ന് കൂൾബാർ പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു
അതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ തുടർ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കാനും അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഭക്ഷ്യവിഷബാധ മൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവാനന്ദ (16) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്നാണ് ദേവാനന്ദയ്ക്ക് ഭക്ഷ്യവിധബാധയേറ്റത്.