ഗുവാഹത്തി: വിവാഹം കഴിക്കാനിരുന്ന യുവാവിനെ ഹണി ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ. അസമിലെ നാഗോൺ സദർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറായ ജോൺമണി രാഭയാണ് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് താരമായി മാറിയത്. വിവാഹം കഴിക്കേണ്ടിയിരുന്ന റാണ പോഗാഗ് എന്നയാളെയാണ് ജോൺമണി രാഭ എന്ന വനിതാ എസ്.ഐ അറസ്റ്റ് ചെയ്തത്.
നിരവധി തട്ടിപ്പുകളിൽ ഉൾപ്പെട്ടയാളാണ് റാണ പോഗാഗ്. ഇയാൾ ജോൺമയി രാഭയെയും കബളിപ്പിക്കുകയായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ് കമ്മീഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നാണ് ജോൺമണി രാഭയെ റാണ പോഗാഗ് സ്വയം പരിചയപ്പെടുത്തിയത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ജോൺമണി രാഭ വീട്ടിൽ അറിയിച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. വിവാഹം അടുത്തുതന്നെ ആസമിൽവെച്ച് നടത്താനും തീരുമാനിച്ചു.
അതിനിടെയാണ് റാണ പോഗാഗിനെക്കുറിച്ച് ചില രഹസ്യ വിവരങ്ങൾ ജോൺമണി രാഭയ്ക്ക് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ മനസിലാക്കിയത്. പല തരത്തിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞും വൻ തുക ഇയാൾ തട്ടിയെടുത്തിരുന്നു. ഇതെല്ലാം മനസിലാക്കിയ ജോൺമണി രാഭ ഏതുവിധേനയും റാണയെ പൂട്ടാൻ പദ്ധതിയിട്ടു. മതിയായ തെളിവുകൾ ശേഖരിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി റാണയുടെ തന്നെ ഫോൺ സന്ദേശങ്ങൾ രാഭ ചോർത്തിയെടുത്തു. തെളിവുകൾ ലഭ്യമായതോടെ റാണയെ, ജോൺമണി അറസ്റ്റ് ചെയ്യുകയായിരുന്നു.