എടത്വ: മാല തട്ടിയെടുക്കാൻ അതിഥിത്തൊഴിലാളി നടത്തിയ ശ്രമം തടയുന്നതിനിടെ ട്രഷറി ഓഫിസർക്കും മകനും കുത്തേറ്റു. സംഭവത്തിൽ ബംഗാൾ സ്വദേശി സത്താറാം (36) പൊലീസ് പിടിയിലായി. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. നീരേറ്റുപുറം കറുകയിൽ വിൻസാ കോട്ടേജിൽ വിൻസി ജേക്കബിന്റെ (50) മാലയാണ് വെള്ളം ചോദിച്ചെത്തിയ അതിഥിത്തൊഴിലാളി തട്ടിയെടുക്കാൻ ശ്രമിച്ചത്.

വീടിന്റെ മുറ്റത്തു നായയ്ക്കു തീറ്റ കൊടുത്തുകൊണ്ട് നിന്ന വിൻസിയെ ആക്രമിച്ചു മാല തട്ടിയെടുക്കാനായിരുന്നു ശ്രമം. നിലവിളികേട്ടു വീടിനുള്ളിൽ നിന്ന് ഓടിയെത്തിയ മകൻ അൻവിൻ ജേക്കബിനെ (23) പ്രതി കത്തികൊണ്ട് നെഞ്ചിനു താഴെ കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ വിൻസിയുടെ കൈക്കും കുത്തേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ പ്രതി പേര് വെളിപ്പെടുത്താൻ തയാറായില്ല, തുടർന്നു മറ്റൊരു അതിഥിത്തൊഴിലാളിയെ വിളിച്ചുവരുത്തിയ ശേഷമാണ് വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. വിൻസിക്കും അൻവിനും ഹരിപ്പാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിൻസിയുടെ ഭർത്താവ് അനു ജേക്കബ് പ്ലാന്റേഷൻ കോർപറേഷൻ അഡ്മിനിസ്ട്രേഷൻ ഓഫിസറാണ്.