പുത്തൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും അരുംകൊല തടയാൻ ശ്രമിച്ച ഭാര്യാസഹോദരിയുടെ കൈപ്പത്തി വെട്ടി മാറ്റുകയും ചെയ്ത ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ. നെടുവത്തൂർ പുല്ലാമല കല്ലുവിള താഴേതിൽ രമാവതിയാണ് (55) ഭർത്താവ് രാജന്റെ (65) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകം തടയാൻ ശ്രമിക്കവേ രമാവതിയുടെ അനുജത്തി കുറുമ്പാലൂർ അപർണാലയത്തിൽ രതിയുടെ (49) ഇടതു കൈപ്പത്തിയും ഇയാൾ വെട്ടിയെറിഞ്ഞു. ഇതിനു ശേഷം സ്ഥലം വിട്ട രാജനെ പിന്നീട് പുല്ലാമല പകുതിപ്പാറയിലെ കുടുംബവീടായ തെക്കേച്ചേരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെ പകൽ പതിനൊന്നോടെ പുല്ലാമല വരാലയിൽ ഭാഗത്തെ ചെങ്കുത്തായ റബർതോട്ടത്തിലാണ് സംഭവം. രമാവതിയും സഹോദരി രതിയും കൂടി പ്രദേശത്തെ ഒരു വീട്ടിൽ ആഴ്ചപ്പിരിവിന്റെ പണം നൽകാൻ പോയി മടങ്ങവേ വിറകു ശേഖരിക്കാനാണ് കനാലിന്റെ കരയിലുള്ള റബർതോട്ടത്തിൽ കയറിയത്. രമാവതിയെ കൊല്ലുമെന്നു രാജൻ പലതവണ ഭീഷണിപ്പെടുത്തിയിട്ടുള്ളതിനാൽ രതിയെ കൂടെക്കൂട്ടുകയായിരുന്നു. ഈ സമയം രാജൻ പതുങ്ങിയെത്തി ആക്രമിച്ചു. തലയ്ക്കും മുഖത്തും കഴുത്തിലും ആഴത്തിൽ വെട്ടുകളേറ്റ രമാവതി പ്രതിരോധിക്കാൻ പോലുമാകാതെ വീണു. തടയാൻ ശ്രമിച്ച രതിയെയും രാജൻ വെട്ടിവീഴ്ത്താൻ ശ്രമിച്ചു. ഇടതു കൈപ്പത്തി അറ്റുപോയ രതി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയും രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോൾ രമാവതി വെട്ടേറ്റു മരിച്ച നിലയിലായിരുന്നു. സമീപത്തു നിന്നു രതിയുടെ കൈപ്പത്തിയും കണ്ടെടുത്തു. ഇതും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രാജനെ അന്വേഷിച്ചു ചെന്നപ്പോഴാണു കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഡിവൈഎസ്പി രാജ്കുമാർ, പുത്തൂർ എസ്എച്ച്ഒ ജി.സുഭാഷ്കുമാർ, എസ്ഐമാരായ ടി.ജെ.ജയേഷ്, ഭാസി, നന്ദകുമാർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ഒ.പി.മധു, എഎസ്ഐമാരായ ആർ.രാജീവ്, വിജയരാജൻ, ഡബ്ല്യുസിപിഒമാരായ ഉഷാകുമാരി, അഞ്ജു എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനായില്ല. രമാവതിയുടെ അമ്മ പാറുക്കുട്ടി മരിച്ചതിന്റെ പതിനാറ് ആചരണം നാളെ നടക്കാനിരിക്കുകയായിരുന്നു. രമാവതി തൊഴിലുറപ്പു തൊഴിലാളിയും രാജൻ നിർമാണത്തൊഴിലാളിയുമാണ്. ഇരുവരുടെയും മൃതദേഹങ്ങൾ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: രാജേഷ്, രമേശ്.