കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിക്കടത്തുകാരൻ എൽ പിറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രയാൻ ഡൊണാസിയാനോ ഓൾഗ്വിൻ വെർഡുഗോ (39) അറസ്റ്റിൽ. കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപാർട്‌മെന്റിൽ കാമുകിയുമൊത്ത് കഴിയവേയായിരുന്നു അറസ്റ്റ്. 200 ഓളം രാജ്യങ്ങളിൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് നിലനിൽക്കുന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ വെർഡുഗോയുടെ കാമുകി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് നിർണായകമായത്.

മെക്സിക്കൻ ലഹരിമരുന്ന് മാഫിയാ തലവൻ എൽ ചാപ്പോ എന്ന പേരിൽ അറിയപ്പെടുന്ന ജോക്വിൻ ഗുസ്‌മാന്റെ അടുത്ത അനുയായി ആണ് പിടിയിലായ എൽ പിറ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കൊളംബിയയിലേക്ക് കടന്നതായി യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്‌സ്മെന്റ് ഏജൻസി (ഡിഇഎ) കൊളംബിയൻ അധികൃതരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ബ്രയാൻ ഡൊണാസിയാനോ ഓൾഗ്വിൻ വെർഡുഗോയ്ക്കായി കൊളംബിയൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.
പ്രശസ്ത മെക്സിക്കൻ മോഡൽ കൂടിയായ കാമുകിയുടെ നിർബന്ധത്തിനു വഴങ്ങി വിനോദസഞ്ചാര കേന്ദ്രമായ ലോസ് ക്രിസ്ടെയ്‍സിൽ വച്ച് എൽ പിറ്റോ കാമുകിക്കൊപ്പം ചുംബന സെൽഫി എടുത്തിരുന്നു. വൈകാതെതന്നെ കാമുകി ഫെയ്‌ബുക്കിൽ ഈ ചിത്രം പങ്കുവച്ചു. ഈ ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് എൽ പിറ്റിനെ കുരുക്കിയത്. യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്‌സ്മെന്റ് ഏജൻസി അംഗങ്ങളും കൊളംബിയൻ പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
🚨Capturado en Cali alias ‘Pitt’ integrante del cartel de Sinaloa.
— Seguridad y Justicia (@SeguridadCali) April 8, 2022
Con información de la DEA, a través del apoyo interagencial,se prendieron alarmas en nuestro país para iniciar la búsqueda del narcotraficante quien fue capturado mediante un operativo coordinado por los 2 países pic.twitter.com/D3QzmbwQGY
ഗറില്ലാ സംഘമായ റവല്യൂഷണറി ആംഡ് ഫോഴ്‍സസ് ഓഫ് കൊളംബിയയിലെ അംഗങ്ങളുമായി ചേർന്ന് ലഹരിക്കടത്ത് ആസൂത്രണം ചെയ്യാനാണ് ഇയാൾ കൊളംബിയയിലെത്തിയതെന്നാണ് നിഗമനം. കൊളംബിയയിൽനിന്ന് യുഎസിലേക്കും മെക്‌സിക്കോയിലേക്കും വൻതോതിൽ ലഹരിക്കടത്തിനും ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. രണ്ടാഴ്ചയിലേറെയായി ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ പൊലീസിന് 2.65 ലക്ഷം ഡോളർ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.