അരീക്കോട് : കീഴാറ്റൂർ കൊണ്ടിപറമ്പിലെ ദുരന്തത്തിനു സമാനമായി വെള്ളക്കെട്ടിലേക്കു സ്കൂട്ടർ പായിച്ചു ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവം നടന്ന് ഒൻപതു വർഷം പൂർത്തിയാകുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ജാമ്യത്തിലിറങ്ങി മുങ്ങിയ വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ (33) ഇനിയും കണ്ടെത്താനായിട്ടില്ല. 2013 ജൂലൈ 21നു രാത്രി 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണു കേസ്.
കുടുംബവുമൊത്ത് കോഴിക്കോട് നിന്നും പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കു വരുമ്പോൾ ടയർ പഞ്ചറായി അപകടത്തിൽപെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നുവെന്നു തെളിയുന്നത്.
ഇതിനു രണ്ടു മാസം മുൻപ് ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.