കോഴിക്കോട് : രാമനാട്ടുകരയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച മാതാവ് കസ്റ്റഡിയില്‍. കരുവന്തുരുത്തി സ്വദേശി ഫാത്തിമയാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. കുട്ടിയെ ഉപേക്ഷിച്ച തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്ത് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു മാതാവ് ഫാത്തിമ. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിച്ചു.
കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് മൊഴി നല്‍കി. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യതയാകുമെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് ഫാത്തിമ പറഞ്ഞു. രാവിലെ കുഞ്ഞിന്‍റെ കരച്ചില്‍കേട്ട് ഓടിയെത്തിയ അതിഥി തൊഴിലാളികളാണ് വിവരം അയല്‍വാസികളെയും പൊലീസിനെയും അറിയിച്ചത്. ആദ്യം ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.