കണ്ണൂർ: സിൽവർലൈൻ വേഗ റെയിൽ സർവേക്കെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ തല്ലിയോടിച്ചു. നടാൽ പെട്രോൾ പമ്പിനു സമീപം സർവേക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കു സംരക്ഷണം നൽകാനെത്തിയ പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് കരുതൽ തടങ്കലിലാക്കി. വൈകിട്ട് അഞ്ചിനു സർവേ അവസാനിക്കുന്നതു വരെ സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം തുടർന്നു. ഉദ്യോഗസ്ഥർ 750 മീറ്ററോളം സ്ഥലത്തായി 26 കല്ലുകൾ സ്ഥാപിച്ചു. രണ്ടെണ്ണം ഇവർ പോയശേഷം പ്രതിഷേധക്കാർ പിഴുതെടുത്തു.

സിപിഎം ഏരിയ കമ്മിറ്റി അംഗം നാഗത്താൻ പ്രകാശന്റെ നേതൃത്വത്തിലാണു സമരക്കാരെ നേരിട്ടത്. കല്ലിടൽ സംബന്ധിച്ച അറിയിപ്പു കിട്ടിയില്ലെന്നു സമീപത്തെ വീട്ടുകാർ പരാതിപ്പെട്ടു. ഇവരുടെ ബന്ധുക്കളിൽ ചിലരുടെ ഇടപെടൽ സിപിഎം പ്രവർത്തകർ തടഞ്ഞു. ‘നിങ്ങളുടെ വീട് പോകുന്നില്ലല്ലോ, പിന്നെന്തിനാണു സംസാരിക്കുന്നത്’ എന്നായിരുന്നു ചോദ്യം. ‘ഞങ്ങളും കമ്മ്യൂണിസ്റ്റുകാർ തന്നെയാ’ എന്ന മറുപടിയുമായി വീട്ടുകാർ മുന്നോട്ടുവന്നു.
ബന്ധുക്കളിലൊരാൾ പ്രായമായ സ്ത്രീകളെ ഉൾപ്പെടെ കല്ലിടുന്ന ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. കൈവീശി മുഖത്തടിക്കാനുള്ള ശ്രമം എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്ത് ഇടപെട്ടു തടഞ്ഞു. ഇവരെ അനുനയിപ്പിച്ച് തിരിച്ചയയ്ക്കുമ്പോഴേക്കും തൊട്ടടുത്ത പറമ്പിൽ കെ റെയിൽ വിരുദ്ധ സമരവുമായെത്തിയ യുഡിഎഫ് പ്രവർത്തകരുമായും സിപിഎം പ്രവർത്തകർ കൊമ്പുകോർത്തു.
വേറെ സ്ഥലങ്ങളിൽനിന്നു വന്നു സമരം വേണ്ടെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നിലപാട്. പ്രദേശത്തുകാരല്ലാത്തവർ പിരിഞ്ഞുപോകണമെന്നു പൊലീസും നിർദേശിച്ചു. ഇവരിൽ 7 പേരെ എടക്കാട് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോട് ആശങ്ക പങ്കുവയ്ക്കാൻ ശ്രമിച്ചതും സിപിഎം പ്രവർത്തകർ തടഞ്ഞു.